തെറ്റുപറ്റി ക്ഷമിക്കണം, ഇപ്പോൾ ഖേദം തോന്നുന്നു; സൗദിയിൽ എത്തിയിട്ട് 15 ദിവസം, റഹീം പുറത്തിറങ്ങണം എന്നു മാത്രമാണ് ആഗ്രഹം: വൈകാരിക പ്രതികരണവുമായി റഹീമിൻ്റെ ഉമ്മ
റിയാദ്: കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ വധശിക്ഷ ഒഴിവാക്കിപ്പിക്കാനും ജയിൽ മോചനത്തിനും വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റായ വിവരങ്ങളുടെ പുറത്ത് സംശയിച്ചുവെന്നും എന്നാൽ സൗദിയിലെത്തിയ ശേഷം വസ്തുതകൾ ബോധ്യപ്പെട്ടെന്നും ഉമ്മ ഫാത്തിമയും സഹോദരൻ നസീറും പറഞ്ഞു. ഇപ്പോൾ ഖേദം തോന്നുന്നു. തങ്ങളുടെ തെറ്റിദ്ധാരണ മൂലം എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇരുവരും റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വാഭാവിക നടപടിക്രമങ്ങൾ കാരണം മോചനം നീളുന്ന സാഹചര്യത്തിൽ റഹീമിനെ ജയിലിലെത്തി കാണാനും ഉംറ നിർവഹിക്കാനുമായി ഒക്ടോബർ 30-നാണ് ഇരുവരും സൗദി അറേബ്യയിലെത്തിയത്. ഫാത്തിമയുടെ സഹോദരൻ അബ്ബാസും ഭാര്യയും സംഘത്തിലുണ്ട്. അബഹയിൽ ആദ്യമെത്തിയ ഇവർ ഏതാനും ദിവസം മുമ്പ് റിയാദിലെത്തി ജയിലിൽ റഹീമിനെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ഈയൊരു സാഹചര്യത്തിൽ ഉമ്മയെ കാണാൻ തനിക്കാവില്ലെന്ന് പറഞ്ഞ് റഹീം കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു.
അത് വലിയ വാർത്തയായി വിവാദം കത്തിപ്പടരുന്നതിനിടെ ഉമ്മയും ഒപ്പമുള്ളവരും മക്കയിലേക്ക് തിരിച്ചു. ഉംറ നിർവഹിച്ച ശേഷം തിങ്കളാഴ്ച റിയാദിൽ തിരിച്ചെത്തി. അപ്പോഴേക്കും ഉമ്മയെ കാണാൻ റഹീം സന്നദ്ധനായി മാറിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ റിയാദ് – അൽഖർജ് റോഡിലെ ഇസ്കാനിലുള്ള ജയിലിൽ പുനസമാഗമത്തിന് അവസരമൊരുങ്ങി. നീണ്ട 18 വർഷത്തിന് ശേഷം ഉമ്മയും മകനും വീണ്ടും കണ്ടു. വൈകാരികമായ ആ നിമിഷത്തിൽ ഉമ്മ മകനെ വാരിപ്പുണർന്നു. ഇരുവരുെ ഒരുമിച്ച് ചായ കുടിച്ചു. കൂടിക്കാഴ്ച 30 മിനുട്ടോളം നീണ്ടു നിന്നു.
അന്ന് തന്നെ ഉമ്മയും നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി റഹീമിൻ്റെ മോചനത്തിന് വേണ്ടി ശ്രമം തുടരുന്ന ഉദ്യോഗസ്ഥർക്കും സാമൂഹികപ്രവർത്തകർക്കും നന്ദി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് ഉമ്മയും നസീറും അബ്ബാസും മാധ്യമങ്ങളെ കണ്ടത്. ധാരണാ പിശകുകളുണ്ടായിട്ടുണ്ടെന്നും ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടായതെന്നും നസീർ പറഞ്ഞു. ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു. തെറ്റിദ്ധരിച്ചതിലും സംശയിച്ചുപോയതിലും ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും ക്ഷമിക്കുക. കൂടെപിറപ്പിനെ പോലെ കണ്ട് റഹീമിനെ സഹായിക്കാനിറങ്ങിയ ഓരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൗദി അറേബ്യയിലെത്തിയിട്ട് പതിനഞ്ചു ദിവസമായെങ്കിലും റിയാദില്‍ റഹീമിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായസമിതിയെ ഒരിക്കല്‍ മാത്രമാണ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ചെയര്‍മാന്‍ സി.പി മുസ്തഫയെ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. ഈ വിഷയത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന നിയമ സഹായസമിതിക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്ന് റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.
കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട് ആയിരുന്നു 17 വര്‍ഷത്തോളം കേസ് നടത്തിയത്. എല്ലാ രേഖകളും നല്‍കിയിരുന്നു. അവസാനമാണ് രേഖകള്‍ നല്‍കാതെ പോയത്. അതിന് കാരണമായി പറയുന്നത് ഞാന്‍ രേഖകള്‍ പുറത്തുവിട്ടെന്നാണ്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും നസീർ പറഞ്ഞു. സൗദിയില്‍ വന്ന് മരിച്ച സൗദി ബാലന്റെ കുടുംബത്തെ കാണാന്‍ നേരത്തെ അബഹയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് കുറ്റിച്ചല്‍ വഴി ശ്രമം നടത്തിയെങ്കിലും എംബസി അനുമതി നല്‍കിയില്ല. ഏകദേശം രണ്ടുവര്‍ഷം മുമ്പാണ് കുടുംബത്തെ കാണാൻ ശ്രമിച്ചതെന്നും നസീർ പറഞ്ഞു.
റഹീമിനെ കാണുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് റിയാദിൽ എത്തിയത്. ആദ്യം കാണാൻ റഹീം സമ്മതിച്ചില്ലെങ്കിലും പിന്നീട് എംബസിയുടെയും അറ്റോർണി സിദ്ദീഖ് തുവ്വൂരിന്റെയും ശ്രമഫലമായാണ് റഹീമിനെ കാണാനായതെന്നും സഹോദരൻ നസീർ പറഞ്ഞു.
സൗദിയിൽനിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങും. നവംബർ 17-ന് റിയാദിലെ കോടതിയിൽ നടക്കുന്ന സിറ്റിങ്ങിൽ ഞങ്ങൾക്ക് അങ്ങേയറ്റം പ്രതീക്ഷയുണ്ട്. മോചന ഉത്തരവുണ്ടാവും, റഹീം ഞങ്ങളുടെ അടുത്തേക്ക് എത്തും എന്ന പ്രത്യാശയോടെയും പ്രാർഥനയോടെയുമാണ് സൗദിയിൽ നിന്ന് മടങ്ങുന്നതെന്നും നസീർ കൂട്ടിച്ചേർത്തു. ചെറിയ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് പൊറുത്ത് എന്റെ പൊന്നുമകൻ എന്റെയടുത്ത് എത്തുന്നതുവരെ എല്ലാവരും ഒപ്പമുണ്ടാകണമെന്നും ഈറനണിഞ്ഞ കണ്ണുകളോടെ ഉമ്മ ഫാത്തിമയും പറഞ്ഞു. റിയാദ് സഹായസമിതി ബത്ഹയിൽ സംഘടിപ്പിച്ച യോഗത്തിലും മൂവരും സംബന്ധിച്ചു. നസീറും അബ്ബാസും സംസാരിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.