‘ലോക്സഭ’യിൽ ജാവഡേക്കർ, ഉപതിരഞ്ഞെടുപ്പിൽ കട്ടൻചായ; ‘ഇലക്‌ഷൻ സ്റ്റാറായി’ ഇ.പി. ജയരാജൻ, ഇ.പി പരിശോധിക്കട്ടെയെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: തുടർച്ചയായി രണ്ടാം തവണയും പാർട്ടിയെ വെട്ടിലാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ‘ഇലക്‌ഷൻ സ്റ്റാറായി’. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നു ഇപി സമ്മതിച്ചത് തിരഞ്ഞെടുപ്പ് ദിവസം രാവിലെയും. ഇപ്പോഴാകാട്ടെ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനെയും പാർട്ടിയെയും വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ട ആത്മകഥയെന്ന പേരിൽ പുസ്തക ഭാഗങ്ങൾ പുറത്തുവന്നത് ഉപതിരഞ്ഞെടുപ്പ് ദിവസവും.

ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണവും അതിനോടുള്ള ഇ.പി ജയരാജൻ്റെ പ്രതികരണവും  ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ രാഷ്ട്രീയ സ്ഫോടനമായി. സിപിഎമ്മുമായി ഉടക്കി നിന്നിരുന്ന ജയരാജൻ അത്തരം നീക്കം നടത്തിയോ എന്ന ചിന്ത പാർട്ടി തലത്തിലുമുണ്ടായി. പിന്നാലെ ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇപി ശരിവച്ചു. അടിക്കടി ഉണ്ടാക്കുന്ന വിവാദങ്ങൾക്കിടെ, ജാഗ്രതക്കുറവുണ്ടായെന്ന തുറന്നു പറച്ചിലോടെ പിണറായിയും കൈവിട്ടു. ഇതോടെ മുന്നണി കൺവീനർ സ്ഥാനം നഷ്ടമായി. ഇപിയുടെ പ്രവൃത്തികളിൽ‌ മാറ്റമില്ല എന്ന തോന്നലുളവാക്കുന്നതാണു പുസ്തക വിവാദവും. സർക്കാർ ദുർബലമാണെന്ന പ്രതികരണവും പുറത്തുവന്ന പുസ്തക ഭാഗങ്ങളിലുണ്ട്.

അതേസമയം ആത്മകഥയിലേതായി ഇന്ന് പുറത്തുവന്ന വിവരങ്ങള്‍ അദ്ദേഹം പൂർണമായും തള്ളി. ‘ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’ – ഇ.പി വ്യക്തമാക്കി.

‘ബുധനാഴ്ച പുറത്തുവന്നിട്ടുള്ള ഒരു കാര്യവും ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങളാണ് ഇന്ന് വാർത്തയായി കാണുന്നത്. തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ കാര്യം മനസ്സിലാകുമെന്നും ഇ.പി കൂട്ടിച്ചേർത്തു. കട്ടന്‍ചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാന്‍ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ എന്നും ഇ.പി ചോദിച്ചു.

അതേ സമയം ഇ.പി ജയരാജനുമായി ബന്ധപ്പെട്ട് ഇന്ന് പുറത്ത് വന്ന ആത്മകഥാ വിവാദത്തിൽ  സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നതെന്നും, ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

“ജയരാജന്‍ പറഞ്ഞ കാര്യം ഞാന്‍ കണ്ടതാണ്. വളരെ പ്രകോപിതനായാണ് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!