ബോൾഗാട്ടി കായൽപ്പരപ്പിൽ പറന്നിറങ്ങി സീ പ്ലെയിൻ; കേരളത്തിൻ്റെ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് പുത്തൻ ചിറക് – വീഡിയോ
കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചിരുന്നു. തുടർന്ന് കൊച്ചി ബോൾഗാട്ടി മറീനയിൽ എത്തിയ വിമാനത്തിന് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെത്തി വൻ വരവേൽപ്പാണ് നൽകിയത്. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കി.
.
സീപ്ലെയിൻ പരീക്ഷണപ്പറക്കൽ 11ന് രാവിലെ പത്തരയ്ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷനാകും. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബ൪ 9) ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിൽ എത്തിയത്. മാലദ്വീപിൽ ഉപയോഗിക്കുന്നതിനു സമാനമായി 9 പേരെ വഹിക്കാവുന്ന വിമാനമാണിത്. ആന്ധ്രപ്രദേശിൽനിന്ന് മൈസൂരുവിലെത്തിയ ശേഷം 12.55 ന് സിയാലിൽ എത്തി. ഇന്ധനം നിറച്ച ശേഷമാണ് കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തത്. മറീനയിൽ പാ൪ക്ക് ചെയ്തിരിക്കുകയാണ്.
നാളെ ഫ്ലാഗ് ഓഫിനുശേഷം ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വിമാനം ജലാശയത്തിലിറങ്ങും. ഇവിടെനിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയിൻ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും. നേവി, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ൪വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ൪ത്തിയായി.
2 മീറ്റ൪ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയിൻ ലാൻഡ് ചെയ്യുന്നതിന് ആവശ്യം. വേലിയേറ്റ സമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസ്സങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്യുന്നത്. വിദേശ സംഘത്തിനാണ് സീപ്ലെയിനിന്റെ നിയന്ത്രണം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചിട്ടുണ്ട്.
സീപ്ലെയിൻ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാക൪ പറഞ്ഞു. ടൂറിസത്തിനു പുറമെ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. കൊച്ചിയിലെത്തിയ സീപ്ലെയിൻ കാണുന്നതിനായി നിരവധി ആളുകളാണ് എത്തിയത്.
.
കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും പറന്നിറങ്ങാം; കേരളത്തിനായി ആദ്യ സീ പ്ലെയിൻ, കൊച്ചിയിൽ ലാൻഡ് ചെയ്തു. pic.twitter.com/jJAVNX72Yd
— Malayalam News Desk (@MalayalamDesk) November 10, 2024
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.