രോഗികളുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു; സൗദിയിൽ ആരോഗ്യ പ്രവർത്തകർ പിടിയിൽ

റിയാദ്: രോഗികളുടേതുൾപ്പെടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ച ആരോഗ്യ പ്രവർത്തകർ പിടിയിലായി. ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ പ്രൊഫഷണൽ ധാർമ്മികതയ്ക്കും ആരോഗ്യ നിയന്ത്രണങ്ങൾക്കും വിരുദ്ധമായവയാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നയങ്ങൾ ലംഘിക്കുക, ചികിത്സതേടിയെത്തുന്ന ഗുണഭോക്താക്കളെ അപമാനിക്കുക, രോഗികളുമായി പാടില്ലാത്തവിധം വീഡിയോകളിൽ പ്രത്യക്ഷപ്പെടുക എന്നിവയ്ക്ക് പുറമേ അനുചിതവും അസഭ്യവുമായ പെരുമാറ്റങ്ങൾ, വാക്കുകൾ, പ്രവർത്തികൾ എന്നിവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായും മന്ത്രാലയം വിശദീകരിച്ചു.

റിയാദ്, ജിസാൻ, തബൂക്ക് എന്നിവിടങ്ങളിൽ നിരവധി ആരോഗ്യപ്രവർത്തകർ ഇത്തരം കേസുകളിൽ പിടിയിലായി. ഇവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ പ്രവർത്തനങ്ങളിൽ പ്രൊഫഷണൽ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യ പ്രാക്ടീഷണർമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

ആരോഗ്യ പ്രവർത്തകർ മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശം, സുരക്ഷ, അന്തസ്സ് എന്നിവയോടുള്ള ബഹുമാനം നിലനിറുത്തണമെന്നും, വ്യക്തികളുടേയും സമൂഹത്തിന്റെയും പ്രയോജനത്തിനായി തന്റെ തൊഴിൽ പരിശീലിക്കാൻ തയ്യാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റികൾ പുറപ്പെടുവിച്ച ഹെൽത്ത് പ്രാക്ടീഷണറുടെ എത്തിക്സ് ഗൈഡിൽ ശാസ്ത്രീയ ഗവേഷണം നടത്തുന്നത് പോലുള്ള പ്രത്യേക കേസുകളിലൊഴികെ, രോഗികളുടെയോ അവരുടെ ശരീരഭാഗങ്ങളുടെയോ ഫോട്ടോ എടുക്കാനോ പരസ്യപ്പെടുത്താനോ പാടില്ലെന്നും മന്ത്രാലയം ആരോഗ്യ പ്രവർത്തകരെ ഓർമിപ്പിച്ചു.

പൊതു മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന എന്തെങ്കിലും നിർമ്മിച്ചാൽ സൈബർ ക്രൈം വിരുദ്ധ നിയമപ്രകാരം കേസെടുക്കും. ഇത്തരം നിയമലംഘകർക്ക് അഞ്ച് വർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

.

 

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!