പൊലീസ് വേഷത്തിൽ ബ്യൂട്ടി പാർലറിൽ; ഒടുവിൽ ‘വടശ്ശേരി വനിതാ എസ്ഐ’യെ പൊക്കി യഥാർഥ വടശ്ശേരി പൊലീസ്

കന്യാകുമാരി: എസ്ഐ വേഷം ധരിച്ച് ബ്യൂട്ടി പാർലറിലെത്തി, ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ പിടിയില്‍. കന്യാകുമാരി നാഗർകോവിലിലാണ് ഫേഷ്യൽ ചെയ്ത് പണം നൽകാതെ മുങ്ങിയ സ്ത്രീയെ വടശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷണത്തിൽ യുവതി പൊലീസുകാരിയല്ലെന്ന് കണ്ടെത്തി. തേനി ജില്ലയിലെ പെരിയകുളം സ്വദേശിനിയായ അബി പ്രഭ (34) ആണ് പൊലീസ് പിടിയിലായത്.
.

എസ്ഐ വേഷം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് ഒക്ടോബർ 28ന് അബി പ്രഭ ബ്യൂട്ടി പാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽനിന്ന് ഇവര്‍ ഫേഷ്യൽ ചെയ്തു. ഇതിനുശേഷം പണം ചോദിച്ചപ്പോള്‍ താൻ വടശ്ശേരി എസ്ഐയാണെന്നും കാശ് പിന്നെത്തരാമെന്നും ആയിരുന്നു മറുപടി. തുടർന്ന് പണം നൽകാതെ യുവതി പോയി. വ്യാഴാഴ്‌ച വീണ്ടും ഫേഷ്യൽ ചെയ്യാനായി യുവതി എത്തി. സംശയം തോന്നിയ പാർലർ ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

.
വടശ്ശേരി പൊലീസ് പാർലറിലെത്തി നടത്തിയ അന്വേഷണത്തിൽ യുവതി പൊലീസുകാരിയല്ലെന്ന് കണ്ടെത്തി. ഏതാനും വർഷങ്ങൾക്ക് മുമ്പ് അബി പ്രഭ 66 വയസ്സുകാരനെ വിവാഹം കഴിച്ചതായും അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ ബന്ധം വേർപിരിഞ്ഞതായും പൊലീസ് പറയുന്നു. പിന്നീട് ചെന്നൈയിൽ ജോലിക്ക് പോയ യുവതി, ട്രെയിൻ യാത്രയ്ക്കിടെ ശിവ എന്ന വ്യക്തിയുമായി സൗഹൃദത്തിലായി.

ഒരു പൊലീസുകാരിയെ വിവാഹം കഴിക്കാനാണ് തന്റെ മാതാപിതാക്കൾ ആഗ്രഹമെന്ന് ശിവ യുവതിയോട് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്.ഐ വേഷത്തിൽ യുവതി എത്തിത്തുടങ്ങിയത്. ശിവയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ യുവതി പല സ്ഥലങ്ങളിലും പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഇതിന്റെ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയയ്ക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വടശേരി പൊലീസ് യുവതിയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
.

 

Share
error: Content is protected !!