‘ഇപ്പോൾ ആ ഒരു കാര്യത്തില്‍ അൻവറിനോട് യോജിക്കുന്നു, ബാക്കി കാര്യങ്ങളിലെ പ്രതികരണം പിന്നീട്’ – KT ജലീൽ

മലപ്പുറം: സി.പി.എമ്മിനെതിരെ തുറന്ന പോരിനിറങ്ങിയ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ ഭാഗികമായി പിന്തുണച്ച് തവനൂര്‍ എം.എല്‍.എ. കെ.ടി. ജലീല്‍. എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസില്‍ വര്‍ഗീയ വത്കരണം നടക്കുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
.
‘അജിത്ത് കുമാറിനെതിരെ വരെ അദ്ദേഹം (പി.വി. അന്‍വര്‍) പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്. ഇത് ഞാന്‍ നേരത്തേ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയ്ക്കും ചില കാര്യങ്ങള്‍ അതിലുണ്ട് എന്നതിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ അത് അന്വേഷിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കിയത്. അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കകം അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. അപ്പൊ നമുക്ക് അതിന്റെ യഥാര്‍ഥ അവസ്ഥ മനസിലാക്കാന്‍ കഴിയും.’ -ജലീല്‍ പറഞ്ഞു.
.
എ.ഡി.ജി.പിയെ കുറിച്ച് പറഞ്ഞതിനപ്പുറം അന്‍വര്‍ പറഞ്ഞ കാര്യങ്ങളോടുള്ള തന്റെ പ്രതികരണം ഒക്ടോബര്‍ രണ്ടാം തിയ്യതി മാധ്യമങ്ങളോട് പറയുമെന്നും ജലീല്‍ വ്യക്തമാക്കി.
.
‘പോലീസിലെ വര്‍ഗീയവത്കരണം കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയാണ്. ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയാക്കുന്നതിനോട് വളരെ ശക്തമായി വിയോജിച്ചത് ആരാണെന്ന് നമുക്കറിയാം. സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ചത് ആരാണെന്നും നമുക്ക് അറിയാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെ ഇവിടെ ഡി.ജി.പിയായി നിയമിക്കാന്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ആ സാഹചര്യം പോലീസ് സേനയില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. പ്രത്യേകിച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരില്‍.’ -ജലീല്‍ പറഞ്ഞു.
.

Share
error: Content is protected !!