ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൻ്റെ പേരിൽ യുവതി തട്ടിയത് 5.20 കോടി; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ വിമാനത്താവളത്തിൽവെച്ച് പിടിയിലായി

കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന്  കോടികൾ തട്ടിയ  കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യയെയാണ് (25)  ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സുമയ്യക്ക് ജാമ്യം ലഭിച്ചു.
.
കോഴിക്കോട് സ്വദേശിയിൽ നിന്നും അഞ്ചു കോടി  ഇരുപതു ലക്ഷം രൂപ പലതവണയായി ഇരുവരും ചേർന്ന്  കൈക്കലാക്കിയെന്നാണു പരാതി. 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാൻ എന്ന പേരിൽ  സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
.
ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് വൻ ലാഭം വാഗ്ദാനം ചെയ്താണ് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപ തുകയോ തിരികെ കിട്ടാതായതോടെയാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്.
.
ഒരു കോടി 58 ലക്ഷം രൂപ ഇതിനിടെ തിരികെ നൽകിയെങ്കിലും ബാക്കി പണം നൽകാതെ ഫൈസൽ ബാബു വിദേശത്തേക്ക് മുങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭർത്താവിന് അടുത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് സുമയ്യ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. സുമയ്യയ്ക്ക് എതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സമാന സ്വഭാവമുള്ള കൂടുതൽ പരാതികൾ ദമ്പതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്.
.

 

Share
error: Content is protected !!