ആ വാക്കിലുറച്ച് മനാഫ്, ‘കേരളത്തിന്‍റെ 141-ാം MLA’ ആയി സെയിൽ; ഒരു ജനതയുടെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും കണ്ണീർവിരാമം
കോഴിക്കോട്: മണ്ണിടിച്ചിലിൽ അർജുനെ കാണാതായെന്ന വാർത്ത പുറത്തെത്തിയതോടെ തിരച്ചിൽ ശക്തമാക്കാൻ കർണാടക സർക്കാരിനുമേൽ വലിയ സമ്മർദമാണുണ്ടായത്. ഒരു ലോറി ഡ്രൈവർക്കുവേണ്ടി മന്ത്രിമാരും മറ്റു ജനപ്രതിനിധികളും അടക്കമുള്ളവർ കർണാടകത്തെ ബന്ധപ്പെടുന്നു, മാധ്യമങ്ങളുടെ ഒരു പടതന്നെ ദുരന്തസ്ഥലത്ത് ആഴ്ചകളോളം തമ്പടിച്ച് രാജ്യമെങ്ങും ശ്രദ്ധിക്കുംവിധത്തിൽ വാർത്തനൽകുന്നു… ഇതിനേക്കുറിച്ച് അത്ഭുതപ്പെട്ട കർണാടകയിലെ ഉദ്യോഗസ്ഥരോട്, ‘ഒരു മലയാളിയെയാണ് കാണാതായത്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്..’ എന്നായിരുന്നു ലോറി ഉടമ മനാഫ് കൊടുത്ത മറുപടി. അതെ, ലോകമെമ്പാടുമുള്ള മലയാളികളുടെ വേദനയും പ്രാർഥനയുമായിരുന്നു അർജുൻ. (ചിത്രത്തിൽ ലോറി ഉടമ മനാഫ്, കാര്‍വര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിൽ)
.
ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് മരത്തടികളുമായി വരുമ്പോഴാണ് അര്‍ജുന്‍ ഷിരൂരിലെ മണ്ണിടിഞ്ഞുള്ള അപകടത്തില്‍പ്പെടുന്നത്. അപകടത്തിന്റെ തലേദിവസമാണ് അര്‍ജുന്‍ കുടുംബത്തെ അവസാനമായി വിളിക്കുന്നത്. പിന്നീട് വിവരം ലഭിക്കാത്തതോടെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ അവസാന ലൊക്കേഷന്‍ ഷിരൂരിലാണെന്ന് മനസിലായി. തുടര്‍ന്ന് കുടുംബം ഇവിടേക്ക് തിരിച്ചു. ഷിരൂര്‍ സന്ദര്‍ശിച്ച കുടുംബത്തിന് അവിടെ നടക്കുന്ന തിരച്ചിലില്‍ അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം വാർത്തയാകുകയും അന്നുമുതല്‍ മലയാള മാധ്യമസമൂഹം അര്‍ജുന് വേണ്ടി നിലകൊള്ളുകയും ചെയ്തു.
.
ഷിരൂരിലെ രക്ഷാദൗത്യത്തില്‍ ആദ്യഘട്ടത്തില്‍ വലിയ ആശങ്കളുണ്ടായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ള ‘ഗോള്‍ഡന്‍ അവര്‍’ നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണമായ ശ്രദ്ധ ഇവിടേക്ക് പതിയുന്നത്. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റേയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ഭരണതലത്തിലും രാഷ്ട്രീയതലത്തിലും ഇടപെടലുണ്ടായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇടപെട്ടു. വിഷയം പുറത്തറിഞ്ഞ് മൂന്നാംദിവസം തന്നെ പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കി എം.കെ. രാഘവന്‍ ഷിരൂരിലെത്തി. റവന്യൂമന്ത്രി കൃഷ്ണബൈര ഗൗഡയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും ഉള്‍പ്പെടെ സ്ഥലത്തെത്തി.
.
.
അപടകവിവരം പുറത്തറിഞ്ഞതു മുതല്‍ കുടുംബത്തെ പ്രതിനിധീകരിച്ച് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ സ്ഥലത്തുണ്ടായിരുന്നു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫും തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷയോടെ, അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്ന കുടുംബത്തിന് നല്‍കിയ വാക്കുമായി ഷിരൂരില്‍ നിലയുറപ്പിച്ചു.
.
കേരളത്തിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമേറിയതോടെ തിരച്ചിലിന് മുഴുവന്‍ സമയം നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കാര്‍വര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിനെ ചുമതലപ്പെടുത്തി. തുടക്കം മുതല്‍ അര്‍ജുന്റെ ലോറി കണ്ടെത്തുന്നതുവരെ അദ്ദേഹം തിരച്ചിലിന് നേതൃത്വം നല്‍കി. കര്‍ണാടക സര്‍ക്കാര്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നേരിട്ടപ്പോഴും അദ്ദേഹം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഷിരൂരിലായിരുന്നു. അര്‍ജുനെവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോള്‍, സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ലഭിക്കുന്ന ‘കേരളത്തിന്റെ 141-ാം എം.എല്‍.എ.’ എന്ന വിശേഷണം മലയാളികളുടെ നന്ദിപ്രകടനമാകുന്നു.
.
മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫിന്റേതാണ് മറ്റൊരു സജീവ സാന്നിധ്യം. ഉത്തരകന്നഡ ഡെപ്യൂട്ടി കമ്മിഷണര്‍ ലക്ഷ്മി പ്രിയയും ഭരണതലത്തില്‍ ദൗത്യത്തിന് നേതൃത്വം നല്‍കി. ദൗത്യം വൈകുന്നതില്‍ മലയാളികളുടെ രോഷത്തിന്റെ ചൂടറിഞ്ഞത് കാര്‍വാര്‍ എസ്.പി. പി. നാരായണയാണ്. ദൗത്യം വൈകുമ്പോഴും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സെല്‍ഫി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
.
ദൗത്യം വൈകുന്തോറും കേരളജനതയുടെ ആത്മരോഷം പലതരത്തില്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തെരുവില്‍ പോലും പ്രതിഷേധമുണ്ടായി. അനുമതി ലഭിക്കുകയാണെങ്കില്‍ തങ്ങളും തിരച്ചിലിനെത്താമെന്ന് പലകോണുകളില്‍നിന്നും ശബ്ദമുയര്‍ന്നു. കോഴിക്കോട്ടുനിന്ന് ആദ്യഘട്ടത്തില്‍ 18 പേരടങ്ങുന്ന സന്നദ്ധസംഘം ഷിരൂരിലേക്ക് തിരിച്ചു. കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി. രഞ്ജിത്ത് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തിരച്ചിലിന് അനുമതി നല്‍കാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയെങ്കിലും പിന്നീട് ദൗത്യമുപേക്ഷിച്ച് പോരേണ്ടിവന്നു. അതിനിടെ തിരച്ചില്‍ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം നേരിട്ടു.
.
.
അര്‍ജുനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയിലാണ് ലോറി കണ്ടെത്താന്‍ സാധ്യതയുള്ള നാല് കോണ്‍ടാക്ട് പോയിന്റുകള്‍ രേഖപ്പെടുത്തിയത്. ഇതില്‍ സി.പി- 2 എന്ന് രേഖപ്പെടുത്തിയ സ്ഥലത്തുനിന്നാണ് ഇപ്പോള്‍ അര്‍ജുന്റെ ലോറി ലഭിച്ചത്.
.
കലിതുള്ളിയൊഴുകുന്ന ഗംഗാവലിയുടെ രൗദ്രതയില്‍ തിരച്ചില്‍ നീണ്ടുപോയി. പുഴയിലിറങ്ങിയുള്ള ശ്രമങ്ങള്‍ ഫലവത്തായില്ല. ദൗത്യംതന്നെ ഉപേക്ഷിച്ചേക്കുമെന്ന ഘട്ടത്തിലാണ് കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരില്‍ എത്തുന്നത്. കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തി, അര്‍ജുനെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരാനുള്ള സമ്മര്‍ദം ചെലുത്തി. ഇതിന്റെ ഫലം കൂടിയാണ് ഇത്രവൈകിയാണെങ്കിലും ദൗത്യം പൂര്‍ണമാവുന്നത്. ഇതിനിടെ ദൗത്യം അവസാനിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തുനല്‍കി. എം.എല്‍.എമാരായ എം. വിജിന്‍, ലിന്റോ ജോസഫ്, കെ.എം. സച്ചിന്‍ദേവ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പം ഷിരൂരിലുണ്ടായിരുന്നു.
.
ഗംഗാവലിയിലെ ഒഴുക്കില്‍ നാവികസേന മുങ്ങിപ്പരിശോധന അസാധ്യമെന്ന് പറഞ്ഞ ഘട്ടത്തിലാണ് പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സഹായംതേടാന്‍ കേരളം തന്നെ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈശ്വര്‍ മാല്‍പെയുടെ സഹായം തേടുന്നത്. മലവെള്ളപ്പാച്ചിലിലും അദ്ദേഹം പലതവണ ഗംഗാവലിയില്‍ ഇറങ്ങി. ഡ്രഡ്ജര്‍ എത്തിച്ചുള്ള പരിശോധനയ്ക്കുമുമ്പ് കര്‍ണാടക സര്‍ക്കാര്‍ താത്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കുന്നതുവരെ ഈശ്വര്‍ മാല്‍പെ പരമാവധി ശ്രമങ്ങള്‍ നടത്തി. ഡ്രഡ്ജര്‍ എത്തിച്ച ശേഷം തുടങ്ങിയ തിരച്ചിലിലും പലപ്രധാന വാഹനഭാഗങ്ങളും കണ്ടെത്തിയത് ഈശ്വര്‍ മാല്‍പെയായിരുന്നു. ഒടുവില്‍ അധികൃതരുടെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് അദ്ദേഹം ദൗത്യം മതിയാക്കി തിരിച്ചുപോയി.
.
ശുഭകരമല്ലാത്ത ഓരോ വാര്‍ത്തവരുമ്പോഴും അര്‍ജുന് വേണ്ടി നിലകൊണ്ട മനാഫിന്റേതടക്കമുള്ളവരുടെ കാത്തിരിപ്പിനാണ് ഉത്തരമാവുന്നത്. ലോറിയുടെ ഉടമയെന്നതിനപ്പുറം അര്‍ജുന്റെ അമ്മയ്ക്കും അച്ഛനും കുടുംബത്തിനും നല്‍കിയ വാക്കിന്റെ പേരില്‍ അയാള്‍ അവസാനംവരെ നിലകൊണ്ടു. ആദ്യദിനം മുതല്‍ ഷിരൂരിലുണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് ജിതിന്‍, സഹോദരി അഞ്ചു, പ്രതീക്ഷയോടെ കാത്തിരുന്ന ഭാര്യ കൃഷ്ണപ്രിയ, മകന്‍, അമ്മ ഷീല, അച്ഛന്‍ പ്രേമന്‍ തുടങ്ങിയവരുടെ കാത്തിരിപ്പിന് കൂടിയാണ് ഇപ്പോൾ വിരാമമാവുന്നത്.
.