ലബനാനിലെ ജനവാസ മേഖലയിൽ ഇസ്രായേലിൻ്റെ വ്യാപക വ്യോമാക്രമണം; നൂറോളം പേർ കൊല്ലപ്പെട്ടു; 400ലധികം പേർക്ക് പരിക്ക്, ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് – വീഡിയോ
ബെയ്റൂത്ത്: പേജർ, വോക്കി ടോക്കി സ്ഫോടനത്തിനു പിന്നാലെ ലബനാന് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളും സ്ത്രീകളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
.
🚨🇮🇱 BREAKING: ISRAEL is now dropping MASSIVE BOMBS on civilians in Lebanon. pic.twitter.com/bpvkTePVVI
— Jackson Hinkle 🇺🇸 (@jacksonhinklle) September 23, 2024
.
പടിഞ്ഞാറൻ ബെക്കയിൽ ഇസ്രായേൽ നടത്തിയ അതിക്രമത്തിൽ ലബായയിലെയും യഹ്‌മോറിലെയും വീടുകളും പെട്രോൾ പമ്പും സഹ്‌മോറിലെ വീടുകളും തകർന്നതായി ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ലബനനിലുടനീളം 300ലധികം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ വാദമെങ്കിലും ഇരയാവുന്നവർ സാധാരണക്കാരാണ്. നേരത്തെ വടക്കൻ ഇസ്രായേൽ ഭാഗത്ത് ലബനാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാത്രമായിരുന്നു ആക്രമണമെങ്കിൽ ഇന്ന് വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.
.
അതേസമയം, വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഒഴിയണമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ലെബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് ഇസ്രായേലിൽനിന്ന് 80,000ത്തിലധികം കോളുകൾ ലഭിച്ചതായി ലെബനാൻ ടെലികോം ഓപ്പറേറ്റർ ഒഗെറോയുടെ തലവൻ ഇമാദ് ക്രീഡി പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ലെബനാനിലെയും തലസ്ഥാനമായ ബെയ്‌റൂത്തിലെയും ആളുകൾക്ക് കോളുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.
.
ആളുകളെ പേടിപ്പിച്ച് ഓടിക്കാനും ലബനാനിൽ നാശവും കുഴപ്പവും ഉണ്ടാക്കാനുമുള്ള ഇസ്രായേലിന്റെ മനഃശാസ്ത്രപരമായ യുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴിയാനുള്ള നിർദേശത്തിനു പിന്നാലെ ആളുകൾ പലരും വീടുകൾ വിട്ട് മറ്റ് പലയിടങ്ങളിലേക്കും പോവുകയാണ്. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ ഓഫീസിലേക്കും ഫോൺകോൾ വന്നതായി വാർത്താവിതരണ മന്ത്രി പറഞ്ഞു. എന്നാൽ സർക്കാർ കെട്ടിടങ്ങളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
.
ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ലബനാൻ പ്രധാനമന്ത്രി യുഎൻ സെക്യൂരിറ്റി കൗൺസിലിനോടും ഇസ്രായേലിനുമേൽ സ്വാധീനമുള്ള മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ലബനാൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ബെയ്‌റൂത്തിൻ്റെ വിവിധ ഭാഗങ്ങളിലും തെക്കൻ പ്രാന്തപ്രദേശങ്ങളിലും ബെക്കാ താഴ്‌വരയിലും നിരവധി സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
.
തെക്കൻ ലെബനാനിലെ നബാത്തിയ ജില്ലയെ ലക്ഷ്യമാക്കി ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ അരമണിക്കൂറിനുള്ളിൽ 80ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. അൽ-തയ്‌റി, ബിൻത് ജബെയിൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത, ഹെർമൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, ഷംസ്റ്റാർ, താരിയ തുടങ്ങിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ബോംബാക്രമണം. എന്നാൽ ശക്തമായി തിരിച്ചടിക്കാനാണ് ഹിസ്ബുല്ലയുടെയും സഖ്യസൈന്യങ്ങളുടേയും തീരുമാനം. ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ലബനാനിൽ ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
.
ലബനാനിൽ 37 പേർ കൊല്ലപ്പെട്ട പേജർ, വാക്കി-ടോക്കി സഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പര ആക്രമണം ശക്തമാക്കിയിരുന്നു. ഹിസ്ബുല്ല വടക്കൻ ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെ രണ്ട് തവണ മിസൈൽ അയച്ചതായും ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു. ഫാദി 1, ഫാദി 2 എന്നീ മിസൈലുകളാണ് വിക്ഷേപിച്ചത്. ലബനാനിലെ നിരവധി സാധാരണക്കാരെ ഇസ്രായേൽ വധിച്ചതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.
.