അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നു; ഇനി പരസ്യ പ്രതികരണമുണ്ടാകില്ല, റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കും

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് വഴങ്ങുന്നു. പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും വരെ കാത്തിരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഇനി പരസ്യപ്രതികരണമുണ്ടാകില്ല. പാര്‍ട്ടി നല്‍കിയത് അണികള്‍ക്കുള്ള വിശദീകരണമെന്നാണ് നിലപാട്. താമസിയാതെ അന്‍വര്‍ നിലപാട് വ്യക്തമാക്കിയേക്കും. അന്‍വറിനെ തള്ളി സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്താൻ അന്‍വര്‍ തയ്യാറാവുന്നത്. ഇത് സംബന്ധിച്ച് അൽപ സമയത്തിനകം അൻവർ സമൂഹ മാധ്യമം വഴി നിലപാട് വ്യക്തമാക്കും. റിപ്പോർട്ടർ ചാനലാണ് സുപ്രധാന വിവരം ബ്രേക്ക് ചെയ്തത്.
.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയ ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ ഇന്നലെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വറിനെ തള്ളി. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി വേറെയാണ്. കോണ്‍ഗ്രസില്‍ നിന്നാണ് അന്‍വര്‍ വന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്.
.
അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിപിഐഎം സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തണമെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
.

 

Share
error: Content is protected !!