‘കാർ കയറ്റിയിറക്കാൻ പറഞ്ഞിട്ടില്ല, അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാൻ സൗഹൃദം തുടർന്നു’; അജ്മലിനെതിരേ ശ്രീക്കുട്ടി

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല. താന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് ശ്രീക്കുട്ടി പറയുന്നത്.
.
‘ആറുമാസത്തിനിടെ തന്റെ സ്വര്‍ണാഭരണങ്ങളും 20 ലക്ഷത്തോളം രൂപയും അജ്മല്‍ കൈക്കലാക്കിയിരുന്നു. ഇത് തിരികെവാങ്ങാനായാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നത്. ഇതിനിടെ ഇയാള്‍ പലതവണ നിര്‍ബന്ധിച്ച് ലഹരി നല്‍കി. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. അപകടത്തില്‍ തന്റെ ഭാഗത്തുനിന്ന് ഒരു കുറ്റവും സംഭവിച്ചിട്ടില്ല. സംഭവദിവസം സുഹൃത്തിന്റെ വീട്ടില്‍വെച്ച് അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും’ ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
.
എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് ഭാഷ്യം. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോ​ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തിരുന്നു.  ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
.
അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച അജ്മലിനും ശ്രിക്കുട്ടിക്കുമെതിരെ ജനരോഷമുയർന്നു. അപകടം നടന്ന അനൂർകാവിൽ അജ്മലിനെയും ശ്രീക്കുട്ടിയെയും എത്തിച്ചെങ്കിലും നാട്ടുകാർ പ്രകോപിതരായതോടെ പുറത്തിറക്കാനായില്ല. ഒടുവിൽ ശ്രീക്കുട്ടിയെയും വാഹനത്തിന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തി. പ്രതികൾക്ക് വാഹനം നൽകിയ സുഹൃത്തിൻ്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.
.

Share
error: Content is protected !!