തട്ടിക്കൊണ്ട് പോയതായി പരാതി; അന്വേഷണത്തിൽ കണ്ടെത്തിയത് സ്പായുടെ മറവിൽ പ്രവർത്തിക്കുന്ന പെൺവാണിഭം, ബംഗ്ലാദേശ് സ്വദേശിനിയെ രക്ഷിച്ചു
കൊച്ചി: സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിന്റെ പക്കൽ അകപ്പെട്ട 23-കാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിലെ മൂന്നുപേരെ പിടികൂടി. ബെംഗളൂരു സ്വദേശി സെറീന, വരാപ്പുഴ സ്വദേശി വിപിൻ, തിരുവനന്തപുരം സ്വദേശി ജഗിദ എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്കു കൊണ്ടുവന്ന പെൺകുട്ടിയെ ഇരുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.
.
പോണേക്കര മനക്കപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്റെ പ്രവർത്തനം. സെറീനയാണ് യുവതിയെ ജഗിദയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സെറീനയും ജഗിദയും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായി. യുവതിയെ തിരികെ ആവശ്യപ്പെട്ടു. യുവതി സ്ഥലത്തില്ലെന്നു മനസ്സിലാക്കിയ സെറീന അവരെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പോലീസിൽ പരാതി നൽകി.
.
എളമക്കര പോലീസ് ചോദ്യം ചെയ്തപ്പോൾ സെറീനയുടെയും ജഗിദയുടെയും പെരുമാറ്റത്തിലും മൊഴികളിലും സംശയം തോന്നി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിനെക്കുറിച്ച് ഇവർ വെളിപ്പെടുത്തിയത്.
.
ബംഗ്ലാദേശ് സ്വദേശിനി വിപിനൊപ്പമുണ്ടെന്ന് ജഗിദ വെളിപ്പെടുത്തി. ജഗിദയോട് വിപിനെ വിളിച്ച് മനക്കപ്പറമ്പിൽ എത്തണമെന്ന് ആവശ്യപ്പെടാൻ പോലീസ് നിർദേശിച്ചു. ജഗിദ വിളിച്ചതനുസിച്ച് യുവതിയുമായി വിപിൻ എത്തി. തന്നെ നിരവധി പേർ ദുരുപയോഗം ചെയ്തതായി പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പതിമൂന്ന് വയസ്സുള്ളപ്പോഴാണ് യുവതി ഇന്ത്യയിൽ വന്നത്. ഏതാനും ആഴ്ചകൾ മുൻപാണ് കൊച്ചിയിലെത്തിയത്.
.
ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ഇവർ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെറീനയെയും മറ്റ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
.
യുവതിയുടെ പ്രായം വ്യക്തമായി അറിയാനും പോലീസ് ശ്രമിക്കുന്നുണ്ട്. ജോലിക്കായാണ് ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലെത്തിയതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പിന്നീട് സെക്സ് റാക്കറ്റിൽ അകപ്പെടുകയായിരുന്നു.
.