മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ കൂട്ടംകൂടരുത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്, കൂടുതല്‍ നിയന്ത്രണങ്ങള്‍
മലപ്പുറം: മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
.
കണ്ടെയ്ന്‍മെന്റ് സോണുകളിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍
1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല.
2 വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
3 സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.
4 സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.
മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍
1 പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2 പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
3 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
4 കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5 പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
6 പക്ഷികള്‍, വവ്വാലുകള്‍. മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
7 പനി, ചര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483- 2732010, 0483-2732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.
.
ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്ന് മന്ത്രി അറിയിച്ചു.
.
മന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലേയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.
.
മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.
.
മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
.
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
.
യോഗത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.
.