നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിൻ്റെ സമ്പർക്ക പട്ടികയിൽ 151 പേർ; മൂന്നു പേർക്ക് രോഗലക്ഷണം
മലപ്പുറം: പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക പുതുക്കി ആരോഗ്യവകുപ്പ്. യുവാവുമായി സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന 151 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ മൂന്നു പേർക്ക് നിപ്പ ലക്ഷണങ്ങൾ ഉണ്ട്. ഇതിൽ രണ്ടു പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
മരിച്ച യുവാവിന്റെ പ്രാഥമിക സ്രവ പരിശോധന, കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയിരുന്നു. ഇതിൽ നിപ്പ സ്ഥിരീകരിച്ചതോടെയാണ് യുവാവിന്റെ സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. പുണെയിലെ വൈറോളജി ലാബിൽ നിന്ന് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകാണ് അധികൃതർ. ഇന്ന് വൈകിട്ടോടെ പുണെയിൽ നിന്നുള്ള ഫലം ലഭിക്കും.
.
അതിനിടെ തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ യോഗം ചേർന്നു. പഞ്ചായത്തിലെ പനി ബാധിതരെ കണ്ടെത്താനായി നാളെ തന്നെ മേഖലയിൽ സർവേ ആരംഭിക്കും. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. നിപ്പ ഔദ്യോഗകമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനും ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
.