‘തിരിച്ചുവരാൻ സാധ്യതയില്ലെന്നു വന്നതോടെ ജെന്‍സനെ ശ്രുതിക്ക് കാണിച്ച് കൊടുത്തു, അതിവൈകാരിക രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ആശുപത്രി’; കേരളത്തിനാകെ നോവായി ജെന്‍സന്‍റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ സംസ്കാരം ഇന്ന് നടക്കും. കഴി‌ഞ്ഞ ദിവസം നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെൻസൻ്റെ ജീവനെടുത്തത്. ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് പെൺകുട്ടിക്ക് ഒപ്പം നിന്ന യുവാവിൻ്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.
.
ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിൻ്റെ രൂപത്തിലെത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ശേഷം വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാൽ ശ്രുതിയുടെയും കേരളത്തിൻ്റെയാകെയും പ്രാർത്ഥനകൾ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങി.
.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തും. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട് നാലു മണിയോടെ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും.
.
അതേസമയം, പ്രതിശ്രുത വരൻ ജെൻസന്റെ മരണവിവരം ശ്രുതിയെ ബന്ധുക്കള്‍ അറിയിച്ചു. ജെൻസൻ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയിൽ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചു ശ്രുതിയെ ജെൻസനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രുതിയെ, മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.
.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെൻസൻ ഇന്നലെ രാത്രി ഒൻപതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
.
ചൂരൽമല ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെൻസനുണ്ടായിരുന്നു.
.

Share
error: Content is protected !!