‘അൻവർ പ്രത്യേക രാഷ്ട്രീയ സംസ്കാരത്തിൽനിന്ന് വന്നയാൾ, നമുക്ക് ഇപ്പോൾ പരിമിതികളുണ്ട്’; എല്‍ഡിഎഫ് യോഗത്തില്‍ അന്‍വറിൻ്റെ പൂര്‍വകാലം ഓർമിപ്പിച്ച് മുഖ്യമന്ത്രി

തിരുവന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ പി.വി. അൻവർ പ്രത്യേക രാഷ്ട്രീയ സംസ്കാരത്തിൽനിന്ന് വന്നയാളാണെന്ന് യു.ഡി.എഫിലെ പൂർവകാലം പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി. എൽ.ഡി.എഫിന്റെ അച്ചടക്കരീതിയതല്ല. പക്ഷേ, നമുക്ക് ഇപ്പോൾ പരിമിതിയുണ്ട്.
.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ തനിക്കോ മകൾക്കോ വേണ്ടിയാണ് എ.ഡി.ജി.പി. അവരെ കാണാൻ പോയതെന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവർ നമ്മുടെ കൂട്ടത്തിലുമുണ്ടാകും. പക്ഷേ, അതിലൊന്നും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് തങ്ങൾക്കൊന്നും അത്തരം ചിന്തയില്ലെന്നും പൂർണവിശ്വാസമാണെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു.
.
ഘടകകക്ഷികളുടെ കടുത്ത സമ്മർദത്തിനിടയിലും ഇടതുമുന്നണിയോഗത്തിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന് സംരക്ഷണകവചം തീർക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ.യും ആർ.ജെ.ഡി.യും ഉൾപ്പെടെയുള്ള ഘടകകക്ഷികൾ യോഗത്തിൽ നിലപാടെടുത്തു.
.
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ, ഉയർന്ന പോലീസുദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാക്കളെ കണ്ടത് രാഷ്ട്രീയപ്രശ്നമാണെന്നും അത് കാണാതെ പോകരുതെന്നും ഇരുകക്ഷികളും ശക്തമായി വാദിച്ചു. തൃശ്ശൂർപ്പൂരം കലക്കിയതിന്റെ ഉത്തരവാദിത്വവും എ.ഡി.ജി.പി.ക്കാണെന്ന് ആക്ഷേപമുണ്ടെന്നകാര്യം എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയും ചൂണ്ടിക്കാട്ടി. എന്നാൽ, ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുമെന്ന മറുപടിയിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
.
യോഗത്തിനുശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വവും വറുഗീസ് ജോർജും പഴയ നിലപാട് ആവർത്തിച്ചു. നിലപാട് ഒന്നേയുള്ളൂ, അതിൽനിന്ന് മുന്നോട്ടും പിന്നോട്ടുമില്ലെന്നായിരുന്നു ബിനോയിയുടെ പ്രതികരണം. യോഗത്തിനു മുൻപ്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
.

Share
error: Content is protected !!