ഇൻഷുറൻസ് ഓഫിസിലെ തീപിടിത്തം; മരിച്ചത് ദമ്പതികൾ? കൊലപാതകമെന്നു സൂചന
തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷൂറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തമുണ്ടായി രണ്ടു പേര്‍ വെന്തുമരിച്ച സംഭവം കൊലപാതകമെന്നു സൂചന. മരിച്ചത് ദമ്പതികളാണെന്നും ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തിയിരുന്ന വൈഷ്ണവയെ കൊന്ന ശേഷം ഭര്‍ത്താവ് ബിനു ജീവനൊടുക്കിയതാണെന്നുമാണു പൊലീസ് സംശയിക്കുന്നത്. വൈഷ്ണവയും ഭര്‍ത്താവ് ബിനുവും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു.
.
ഓഫിസിലെത്തിയ ബിനു, വൈഷ്ണവയുടെ ശരീരത്തിൽ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണു കരുതുന്നത്. ഓഫീസിൽ നിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കത്തിക്കരിഞ്ഞത് പുരുഷന്റെ മൃതദേഹമാണ്. വൈഷ്ണവയ്‌ക്കൊപ്പം മരിച്ചത് സ്ത്രീയാണെന്നാണ് ആദ്യം കരുതിയിരുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വിശദപരിശോധനയിലാണ് മരിച്ചത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.
.
മരിച്ചതു പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വൈഷ്ണവയുടെ കുടുംബപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ട പൊലീസ് ഭര്‍ത്താവ് ബിനുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ബിനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. മുന്‍പും ഇയാള്‍ ഓഫിസില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഏഴു വര്‍ഷമായി വൈഷ്ണവ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടോ എന്നു പരിശോധിക്കുമെന്നും വിഷയം തിരുവനന്തപുരം സബ്കലക്ടര്‍ അശ്വതി ശ്രീനിവാസ് അന്വേഷിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
.
രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസിന്റെ ഏജന്റിന്റെ പോർട്ടൽ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. മരിച്ച രണ്ടാമത്തെ ആള്‍ ഓഫിസിലെത്തിയ ശേഷം ഇവിടെനിന്ന് ഉച്ചത്തില്‍ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുള്ള ഒരാള്‍ പറഞ്ഞിരുന്നു. എസിയിൽ നിന്ന് തീ പടരാനുള്ള സാധ്യതയും ഷോർട്ടോ സർക്യൂട്ട് സാധ്യതയും പൊലീസ് തള്ളിയിരുന്നു. ഇതോടെ വൈഷ്ണവയെ ലക്ഷ്യമിട്ട് നടത്തിയ ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ തീപിടിത്തത്തിനു കാരണമായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. തീപിടിത്തവും പൊട്ടിത്തെറിയും കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്താന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റിയത്.
.