എഡിജിപി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി; അജിത് കുമാറിനെയും പി.ശശിയെയും സംരക്ഷിച്ച് മുഖ്യമന്ത്രി, ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് നിയമവിദഗ്ധർ

തിരുവനന്തപുരം: കടുത്ത ആരോപണങ്ങൾക്കു പിന്നാലെയും എഡിജിപി എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അജിതിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇന്നലെ രാത്രി ചേർന്ന മുഖ്യമന്ത്രി-ഡിജിപി യോഗത്തിലാണു തീരുമാനം.
.
അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കാതെ അന്വേഷണം സ്വതന്ത്രമാവില്ലെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യം യോഗത്തിൽ ഡിജിപി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് പൊതുവേദിയിൽ വെച്ചാണ് മുഖ്യമന്ത്രി എഡിജിപിക്കെതിരെ അന്വേഷണണം പ്രഖ്യാപിച്ചത്. എന്നാൽ വൈകിട്ടോടെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി. ഇപ്പോൾ എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മറ്റേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ആരോപണവിധേയനായ പി.ശശിക്കെതിരെയും നടപടികളില്ല. ആരോപണവിധയരായവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പരക്കെ വിമർശനമുയർന്ന് തുടങ്ങി.
.
പി.വി അൻവർ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിനു പിന്നാലെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും ഇത് എവിടെയും എത്തില്ലെന്നുമാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
.
സംസ്ഥാനത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവിക്കെതിരെ സംസ്ഥാന പൊലീസ് തന്നെ കേസന്വേഷിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുന്നത് അദ്ദേഹത്തിന് തന്നെ റിപ്പോർട്ട് ചെയ്യേണ്ട കീഴുദ്യോഗസ്ഥരാണ് എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആണ് വേണ്ടതെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
.
മലപ്പുറം മുൻ എസ്പി സുജിത് ദാസിനെയും സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. അജിത് കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാതിരുന്ന സർക്കാർ വിവാദങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഇടപെടൽ ഒതുക്കുകയായിരുന്നു. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നാം പേരുകാരനായിരുന്ന സുജിത് ദാസിനെതിരായ നടപടി പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നുള്ള സ്ഥലം മാറ്റത്തിലും ഒതുക്കുകയായിരുന്നു.
.
ഈ വിഷയത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് എന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയർന്നുതുടങ്ങി. പാർട്ടിക്കുള്ളിലും അസ്വസ്ഥത പുകയുന്നുണ്ട്.
.

Share
error: Content is protected !!