പി.വി അൻവറിൻ്റെ വെളിപ്പെടുത്തൽ; വെട്ടിലായി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ, മുസ്ലീം ലീഗ് ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളിൽ വെട്ടിലായി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുളള എഡിജിപി എം.ആര്‍ അജിത് കുമാറിനും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ എം.എൽ.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇത് വരെ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല. ഇന്നലെയാണ് എസ്.പിയും പിവി അൻവറും തമ്മിലുളള ഫോണ് സംഭാഷണം പുറത്ത് വരുന്നത്. എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്.പി ഉയർത്തിയത്. അതിന് ശേഷം കെ.ടി ജലീൽ എംഎൽഎയും പി.വി അൻവറിനെ പിന്തുണച്ചുകൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റിട്ടു.
.
ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ ഭരണകക്ഷി എംഎൽഎ വിമർശിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ വരെ ചോർത്തി എന്ന അൻവറിൻ്റെ തുറന്ന് പറച്ചിൽ ഇടത് കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്നത് വലിയ അമ്പരപ്പാണ്.
.
എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാൽ ഒതുങ്ങാൻ ഇല്ലെന്ന് പറഞ്ഞുള്ള അൻവറിന് വെല്ലുവിളി സിപിഎമ്മിനും സർക്കാറിനും ഉണ്ടാക്കുന്നത് അത്യസാധാരണ പ്രതിസന്ധിയാണ്. ആരോപണ ശരങ്ങൾ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എഡിപജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിയാണ്. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അൻവറിനറെ കല്ലുകൾ കൊള്ളുന്നത് പിണറായിക്ക് തന്നെ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു. തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്ന് തുറന്ന് പറയുന്നത് ഭരണപക്ഷത്തെ എംഎൽഎ തന്നെയായതിനാൽ വിശദീകരിക്കാൻ പാർട്ടി പാടുപെടും.
.


.
അജിത് കുമാറിനെതിരെ അൻവറിൻറെ പ്രധാന ആരോപണം ഫോൺ ചോർത്തലാണ്. പക്ഷേ ആരോപണം ഉന്നയിക്കാൻ അൻവറും സമ്മതിക്കുന്നത് താനും ഫോണുകൾ ചോർത്തി എന്ന്. ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകൾ എങ്ങിനെ ഒരു എംഎൽഎക്ക് ചോർത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാൻ അൻവറിന് പിന്നിൽ പാർട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ബാക്കിയാണ്.
.
ഗുരുതര ആരോപണങ്ങളുമായി ഇന്ന് രാവിലെയും പിവി അൻവർ എംഎൽഎ മാധ്യമങ്ങളെ കണ്ടു. ഇങ്ങിനെയല്ലാതെ എൻ്റെ മുന്നിൽ വേറെ മാർഗ്ഗങ്ങളിലെന്നാണ് അൻവർ ഇന്ന് പറഞ്ഞത്. നിരവധി ഫോണ് കോളുകൾ തൻ്റെ പക്കലുണ്ടെന്ന് അൻവർ പറഞ്ഞിരുന്നു. അതിനാൽ വരും ദിവസങ്ങളിലും കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സിപിഎമ്മിനേയും സർക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ്. എഡിജിപിക്കും എസ്പിക്കും എതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അൻവർ ഇനിയും പലതും പുറത്ത് വിടും. എന്നാൽ നടപടി സ്വീകരിച്ചാൽ സർക്കാരിനേയും പാർട്ടിയേയും പ്രതിരോധത്തിലാക്കുന്ന പലരഹസ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥരും പുറത്ത് വിടും. അൻവർ ഫോണ് കോളുകൾ റെക്കോഡ് ചെയ്തേക്കാമെന്ന ഭയമുള്ളതിനാൽ അൻവറിനെ അനുനയിപ്പിക്കാനും ആരും മുന്നോട്ട് വരുന്നില്ല. ഇത് സർക്കാരിനേയും മുഖ്യമന്ത്രിയേയും പാർട്ടിയേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
.
അതേ സമയം ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണം. ആരോപണവിധേയരായ ഉദ്യോ​ഗസ്ഥരെ ഇന്നു തന്നെ സസ്പെൻഡ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കുകയും വേണം. അൻവറിന്റെ വെളിപ്പെടുത്തലുകളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും വി.ഡി സതീശൻ പറഞ്ഞു.
.

.
പി.വി അൻവറിന്റെ ആരോപണം ഗുരുതരമെന്ന് മുസ്‌ലിം ലീഗും പ്രതികരിച്ചു. ആരോപണങ്ങൾ ലീ​ഗ് ചർച്ച ചെയ്യും. സർക്കാരിന്റെ വിശ്വാസ്യതയെ ഉലയ്ക്കുന്ന വിഷയങ്ങളാണ് പുറത്തുവരുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ.ഡി.ജി.പിക്കെതിരെയും സർക്കാരിനുമെതിരെയും പി.വി അൻവർ പറഞ്ഞു. താമിർ ജിഫ്രിയുടെ കൊലയിൽ അന്നത്തെ എസ്.പിയെക്കുറിച്ച് മുസ്‌ലിം ലീഗ് നേരത്തേതന്നെ ചില കാര്യങ്ങൾ പറഞ്ഞിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
.
‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം അധഃപതിച്ചൊരു കാലമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വർണക്കള്ളക്കടത്ത് ആരോപണം, ഇപ്പോൾ വീണ്ടും സ്വർണക്കടത്ത്, കൊലപാതകം, തൃശൂർപൂരം കലക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ വന്നിരിക്കുകയാണ്. അതായത് മുഖ്യമന്ത്രിക്കു നേരെ. പണ്ടേ പോവേണ്ടതായിരുന്നു മുഖ്യമന്ത്രിസ്ഥാനം. അന്ന് ബി.ജെ.പിയുടെയും കേന്ദ്ര ഏജൻസികളുടേയും സഹായത്താൽ രക്ഷപെട്ടതാണ്. ഇനിയൊരു നിമിഷം പോലും മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല’.

‘പത്തനംതിട്ട എസ്.പിയും സി.പി.എം എം.എൽ.എയും തമ്മിലുള്ള സംഭാഷണം ഞെട്ടിക്കുന്നതാണ്. അടിയന്തരമായി ഇന്നു തന്നെ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കണം. മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു സി.പി.എം എം.എൽ.എ ഇതൊക്കെ വന്ന് പറയുമ്പോൾ കേരളം ഞെട്ടുകയാണ്’.
.
‘മന്ത്രിമാരുടെ ഫോണടക്കം ചോർത്തുന്നു എന്ന ആരോപണം ഗുരുതരമാണ്. മന്ത്രിമാരുടെ ചോർത്തുമ്പോൾ ഞങ്ങളുടെയും ചോർത്തുന്നുണ്ടാവുമല്ലോ. രാഷ്ട്രീയനേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം നേരത്തേ വന്നതാണ്. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നത് ഈ എ.ഡി.ജി.പിയാണെന്നത് ഗുരുതരമായ ആരോപണമാണ്. ഈ ആരോപണങ്ങളെല്ലാം സി.ബി.ഐ അന്വേഷിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.
.
‘സ്വർണക്കള്ളക്കടത്ത്, അതുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഒരു സി.പി.എം എം.എൽ.എ ഉന്നയിച്ചിരിക്കുന്നത്’. സർക്കാരിനെ വെട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചിട്ടും എന്തുകൊണ്ടായിരിക്കും പി.വി അൻവറിനെ സംരക്ഷിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പേടിയായിരിക്കും എന്ന് വി.ഡി സതീശൻ പറഞ്ഞു. അയാൾക്ക് കുറെ രഹസ്യങ്ങൾ അറിയാമായിരിക്കും. അയാൾ പറയുന്നത് തെറ്റാണെങ്കിൽ ഒരു നിമിഷം സി.പി.എമ്മിൽ ഉണ്ടാവുമോ?. അപ്പോൾ അയാളുടെ കൈയിൽ തെളിവുണ്ടായിരിക്കും. അയാളെ സർക്കാരിന് ഭയമായിരിക്കും.
.

.
‘അല്ലെങ്കിൽ എസ്.പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നപ്പോൾതന്നെ അയാൾക്കെതിരെ നടപടിയെടുക്കേണ്ടേ. സർക്കാറും മുഖ്യമന്ത്രിയും എ.ഡി.ജി.പിയും പൊളിറ്റിക്കൽ സെക്രട്ടറിയും ക്ലിയറാണെങ്കിൽ ആദ്യം തന്നെ ഈ എം.എൽ.എയ്‌ക്കെതിരെ നടപടിയെടുക്കേണ്ടേ. ഇതുവരെ ഒന്നും ചെയ്തില്ലല്ലോ. പാർട്ടി സെക്രട്ടറിയും വാർത്താസമ്മേളനത്തിൽ ഒന്നും പറഞ്ഞില്ലല്ലോ. അപ്പോൾ എം.എൽ.എ പറഞ്ഞത് ശരിയായിരിക്കാം എന്നല്ലേ. അങ്ങനെയാണ് താനും വിശ്വസിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു’.
.
അതേ സമയം പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വെളിപ്പെടുത്തലിൽ വസ്തുതയുണ്ടോ എന്ന് നോക്കി തുടർനടപടിയെടുക്കും. അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നതെന്നും ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.

സി.പി.എമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
.

Share
error: Content is protected !!