‘എല്ലാത്തിനും ‘അമ്മ’യല്ല ഉത്തരം നൽകേണ്ടത്; ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’ – മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിയെ കുറിച്ച് മൌനം വെടിഞ്ഞ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടു, വിശദമായ റിപ്പോർട്ട് കാണാം..

തിരുവനന്തപുരം ∙ ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടൻ മോഹൻലാൽ.  ‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്.  സിനിമാമേഖല ഒന്നാകെയാണ്  പ്രതികരിക്കേണ്ടത്. എന്നാൽ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരൽ ചൂണ്ടുന്നത്. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’’– അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്.
.

‘‘ഞാൻ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. എന്റെ വ്യക്തിപരമായ കാരണങ്ങളാൽ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സർജറിയുമായി ആശുപത്രിയിലായിരുന്നു. വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്.  ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയത്.
.
വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം.
.

പലർക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല. കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണം.’’– മോഹൻലാൽ പറഞ്ഞു.

 

Share
error: Content is protected !!