ജീവനൊടുക്കാന്‍ കൈക്കുഞ്ഞുമായി യുവതി വീടുവിട്ടിറങ്ങി; മൊബൈൽ ട്രാക്ക് ചെയ്ത് മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

കോഴിക്കോട്: ഒന്നര വയസ് പ്രായമുള്ള കൈക്കുഞ്ഞുമായി ജീവനൊടുക്കാനിറങ്ങിയ യുവതിയെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തി പൊലീസ്. താമരശ്ശേരി സ്വദേശിനിയായ യുവതിയാണ് കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളിലെയും പിങ്ക് പൊലീസിലെയും ഉദ്യോഗസ്ഥർ ചേർന്നാണ് യുവതിയെ കണ്ടെത്തിയത്.
.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി ലഭിക്കുന്നത്. യുവതിയുടെ ഫോൺ ട്രാക്ക് ചെയ്ത് ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ച പൊലീസ് യുവതി ഉള്ള്യേരി ഭാഗത്തുണ്ടെന്ന് കണ്ടെത്തി. ഉടനെ പരാതി ലഭിച്ച താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ അത്തോളി പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കൊയിലാണ്ടി ഭാ​ഗത്തേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി. ‌
.
ഇതിനിടെ പല തവണ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. അൽപ സമയത്തിന് ശേഷം യുവതി തിരികെ വിളിക്കുകയായിരുന്നു. താൻ കുഞ്ഞുമായി ജീവനൊടുക്കാൻ പോവുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. കൊയിലാണ്ടി പ്രദേശത്ത് ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അത്തോളി, കൊയിലാണ്ടി പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വീണ്ടും ബന്ധപ്പെ‌ടാൻ ശ്രമിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അൽപ സമയത്തിന് ശേഷം ഫോൺ ഓണാക്കുകയും പൊലീസ് ബന്ധപ്പെടുകയും ചെയ്തതോടെയാണ് ഇരുവരും താമരശ്ശേരി ഭാഗത്തുള്ളതായി കണ്ടെത്തിയത്. തുടർന്ന് താമരശ്ശേരി പൊലീസ് ഇവരെ ബസിൽ നിന്നും കണ്ടെത്തുകയായിരുന്നു.
.
യുവതി വീടുവിട്ടിറങ്ങാനുള്ള സാ​ഹചര്യം വ്യക്തമല്ല. വീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്ന് മാത്രമായിരുന്നു യുവതിയുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ യുവതിയെ അനുനയിപ്പിച്ച് കുടുംബത്തോടൊപ്പം അയക്കുകയായിരുന്നു.
.

Share
error: Content is protected !!