മലപ്പുറത്ത് ഗൾഫുകാരൻ്റെ വീട് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; പൊലീസിനു നേരെ നായയെ അഴിച്ചുവിട്ടു: 3 പേർ പിടിയിൽ

മലപ്പുറം: എടവണ്ണ ആര്യൻതൊടികയിൽ ഗൾഫ് വ്യവസായിയുടെ വീട് പെട്രോളൊഴിച്ചു കത്തിച്ചു കുടുംബത്തെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. പാലക്കാട് ചെർപ്പുളശേരി സ്വദേശി മൂലൻ കുന്നത്ത് അബ്ദുൽ റസാഖ്, വീടും വാഹനങ്ങളും കത്തിക്കുന്നതിനു പ്രതികൾക്ക് ക്വട്ടേഷൻ കൊടുത്ത പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയ പറമ്പത്ത് ഷെഫീഖ്, ഒളിവിൽ താമസിക്കാൻ സഹായം ചെയ്തു നൽകിയ സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കല്ലൻ ഫഹദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എടവണ്ണ പൊലീസും മലപ്പുറം എസ്പിയുടെ സ്പെഷൽ സ്‌ക്വാഡും ഇടുക്കി മറയൂർ പൊലീസിന്റെ സഹായത്തോടെ മറയൂർ വനമേഖലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
.
പ്രതികളെ അന്വേഷിച്ച് മറയൂർ എസ്ഐയും മലപ്പുറം സ്പെഷൽ സ്ക്വാഡും എത്തിയപ്പോൾ പ്രതികൾ റിസോർട്ടിലെ വളർത്തുനായയെ പൊലീസിനുനേരെ അഴിച്ചുവിട്ട് പ്രകോപനമുണ്ടാക്കി. തുടർന്ന് സാഹസികമായാണ് പ്രതികളെ പൊലീസ് കീഴടക്കിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഫ് കൈപ്പഞ്ചേരിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
.
2024 ജൂലൈ 29 നാണ് കേസിനാസ്പദമായ സംഭവം. വ്യവസായിയുടെ രണ്ടു കാറുകൾ കത്തിനശിക്കുകയും വീടിനു കാര്യമായ കേടുപാടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. 40 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കൃത്യത്തിനുശേഷം നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത വെള്ളക്കാറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഈ കാർ മങ്കടയിൽവച്ച് പിക്കപ്പ് വാഹനത്തെ ഇടിച്ച് കേടുപാടുണ്ടായി. അവിടെനിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ അടുത്ത ദിവസം തന്നെ മങ്കടയിലെത്തി പിക്കപ്പ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകി കാർ റിക്കവറി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തിരുന്നു.
.
ഇക്കാര്യം സ്ഥിരീകരിച്ച പൊലീസ് മങ്കടയിൽ നടത്തിയ അന്വേഷണത്തിൽ കാർ ചെർപ്പുളശേരി ഭാഗത്തു നിന്നും കൃത്യം നടത്താനായി വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാഹനം ഇടിച്ച പിക്കപ്പിന്റെ ഉടമയ്ക്ക് 30,000 രൂപ ഒരു വിദേശ അക്കൗണ്ടിൽ നിന്നും കൈമാറിയതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
.
നേരത്തെ പ്രതി ആഷിഫ് കൈപ്പഞ്ചേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ അന്വേഷണം വഴി തിരിച്ചുവിടാനായി കൂട്ടുപ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ചു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയായിരുന്നു. എറണാകുളം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷഫീക്.
.
ഷഫീക് കൽപറ്റ, മേപ്പാടി, പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റസാക്കും അഗളി, മണ്ണാർക്കാട്, ചേർപ്പുളശേരി, മലപ്പുറം സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രതികളെ ഒളിവിൽ പാർപ്പിച്ച ഫഹദും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

.

Share
error: Content is protected !!