പെൺകരുത്തിൽ തകർന്നടിഞ്ഞ് താരസംഘടന: മോഹന്‍ലാല്‍ ഇന്നലെ രാത്രി തീരുമാനിച്ചു,മമ്മൂട്ടിയുമായി ആലോചിച്ചു, കൂട്ടത്തോടെ രാജി, വിശദീകരിച്ച് ലാലിൻ്റെ വാർത്ത കുറിപ്പ്

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണു തീരുമാനം. അമ്മയിലെ കൂടുതൽ അംഗങ്ങൾക്കെെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനമൊഴിയാൻ മോഹൻലാൽ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
.

എഎംഎംഎ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത് തിങ്കളാഴ്ച രാത്രി. ചുമതലയില്‍ തുടരാനാവില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു.മോഹന്‍ലാല്‍ ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന് അഭിപ്രായം ഉയര്‍ന്നതോടെയാണ് എക്‌സിക്യൂട്ടിവിനോട് ആലോചിക്കാന്‍ തീരുമാനിച്ചത്. മമ്മുട്ടിയുമായും ആലോചിച്ചു. മമ്മുട്ടിയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയെ പിന്തുണച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജി രാവിലെയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
.

രാജിയെ ആദ്യം എഎംഎംഎയിലെ ഒരു വിഭാഗം എതിര്‍ത്തു. തിരുത്തലിനു വേണ്ടത് രാജിയല്ലെന്ന അഭിപ്രായം ഉയര്‍ന്നു. കരുത്തുറ്റ നിലപാടും നടപടിയുമാണ് മുഖം രക്ഷിക്കാന്‍ അനിവാര്യമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹ താല്പര്യങ്ങളെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആരോപണങ്ങള്‍ തുടരുമെന്നും മോഹന്‍ലാല്‍ നിലപാടെടുത്തു.
.

ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി.

ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.
.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.
.

.
‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വച്ച മോഹൻ‌ലാലിന്റെ വാർത്തക്കുറിപ്പ്. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ, നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പിൽ പറയുന്നു.
.
രാജിവിവരം പ്രഖ്യാപിച്ച് മോഹൻലാൽ‌ പുറത്തുവിട്ട വാർത്തക്കുറിപ്പിൽനിന്ന്:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽ‌കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽ‌പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.’
.

പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.
.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന വെളിപ്പെടുത്തലുകളിൽ മലയാള സിനിമ ലോകവും അമ്മയും ആകെ ഉലഞ്ഞിരുന്നു. ഇന്ന് എക്സിക്യൂട്ടീവ് ചേർന്നു വിഷയം ചർച്ച ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും ഇതു മാറ്റി വയ്ക്കുകയായിരുന്നു. ഏതുവിധത്തിൽ പ്രതിസന്ധി മറികടക്കുമെന്ന് അറിയാതെ സംഘടനാ നേതൃത്വവും വിഷമിച്ചതോടെയാണു താൽക്കാലിക പരിഹാരമെന്ന നിലയിൽ രാജിയുണ്ടായത്. റിപ്പോർട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടർന്ന്  സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്. തുടർന്ന് ഈ പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിനുനേരെയും ആരോപണങ്ങൾ ഉയർന്നതോടെ സംഘടന കടുത്ത പ്രതിസന്ധിയിലായിരുന്നു.
.

വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.
.

Share
error: Content is protected !!