‘അമ്മ’യിൽ ഭിന്നത രൂക്ഷം; ബാബു രാജുൾപ്പെടെയുള്ള കുറ്റാരോപിതർ മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമാ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിന്റ് സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം.
.
ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യവും ശക്തമാണ്. അമ്മയിലെ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുയര്‍ത്തുന്നത്. അമ്മയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്.
.
ആരോപണ വിധേയരിൽ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ളവർ ആരോപണ നിഴലിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്‌സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. എക്‌സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും അമ്മയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അതേസമയം അമ്മ എക്സിക്യൂട്ടിവ് ചേരുന്നതില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.
.
എന്നാൽ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ അഭിപ്രായം. ലൈം​ഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇത് മാതൃകാപരമായ നിലപാടാണെന്നാണ് വിലയിരുത്തൽ. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയത് മാന്യമായ സമീപനം, ആരോപണമുന്നയിച്ച നടിക്കെതിരെ നിയമനടപടി സ്വീകരിച്ചതും മാതൃകാപരമാണെന്നും ചിലർ വിലയിരുത്തുന്നുണ്ട്.
.
നിരപരാധിത്വം ഉറപ്പുണ്ടെങ്കിൽ മറ്റ് ആരോപണ വിധേയരും ഇതേ രീതി പിന്തുടരണം. നിരപരാധികളെ കൂടി കരിനിഴലിൽ നിർത്തുന്നതാണ് നിലവിലെ അവസ്ഥ. ഭാരവാഹികൾ ഇതിന് കൂട്ടുനിൽക്കരുതെന്നും അമ്മയിൽ ഒരു വിഭാ​ഗം ആവശ്യപ്പെടുന്നു.
.
കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. ‘അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം.’അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.
.
‘എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു.’ സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
.
ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് യോഗം മാറ്റിവച്ചതെന്നും പുതിയ തീയതി ഉടന്‍ അറിയിക്കാമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ എന്ന് യോഗം ചേരാനാകുമെന്നും തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് താരസംഘടന.

.

Share
error: Content is protected !!