‘കെട്ടിപ്പിടിച്ച് ചുംബിച്ചു, വാതിലിൽ മുട്ടി’: ജയസൂര്യ ഉൾപ്പെടെ 4 നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി മിനു, അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി
കൊച്ചി: ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായും നടി ആരോപിച്ചു. നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടി മിനു മുനീർ ഉന്നയിച്ചത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നും നടി മിനു മുനീര്‍ പറഞ്ഞു. വർഷങ്ങൾക്കു മുൻപു നടന്മാരിൽനിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോടാണ് വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ പേർ മുന്നോട്ടുവരണമെന്നു സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു.
.
ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു മിനു പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയിട്ടുവന്നപ്പോൾ ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്.
ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലായിരുന്നു. ടോയ് ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു. തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടൻ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു.
.
കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ചാണ് മുകേഷ് കടന്നുപിടിച്ചത്. പിന്നീട് മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.
മിനു മുനീർ
.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. കലണ്ടര്‍ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറഞ്ഞത്. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി.
.
ഗൗനിക്കേണ്ടവരെയൊക്കെ ഗൗനിച്ചാലെ പരിഗണനയുണ്ടാകുകയുള്ളുവെന്നും പറഞ്ഞ് എന്നെ കിടക്കയിലേക്ക് ബലമായി കിടത്തി. പിന്നീട് താൻ അവിടെ നിന്ന് പോവുകയായിരുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇനി മലയാളത്തില്‍ അഭിനയിക്കാൻ ഇല്ലെന്നും അന്ന് പറഞ്ഞിരുന്നു. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി. കലണ്ടര്‍ സിനിമയില്‍ രാജു ചേട്ടന്‍റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്‍റെ വണ്ടിയിലാണ് ഒരു ദിവസം മണിയൻപിള്ള രാജുവിനെ പ്രൊഡക്ഷൻ ടീം കയറ്റിയത്. വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. തന്‍റെ റൂമില്‍ രാത്രി വരുമെന്ന് പറഞ്ഞു. അങ്ങനെയാണ് രാത്രി വാതിലിൽ വന്ന് മുട്ടിയതെന്നും മിനു മുനീര്‍ പറഞ്ഞു.
.
2013 ആയപ്പോളേക്കും താൻ 6 സിനിമകളിൽ അഭിനയിച്ചു. 3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല. താനറിയാതെ അമ്മയില്‍ അംഗത്വം എടുക്കാൻ നോക്കുകയായിരുന്നുവെന്നും താനറിയാതെ ഒന്നും നടക്കില്ലെന്നുമാണ് പിന്നീട് മുകേഷ് പറഞ്ഞത്.
.
പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയിൽനിന്ന് ഒരാൾ വിളിച്ച് ഇപ്പോൾ അംഗത്വം തരാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
.
അതേസമയം നാളെ (ചൊവ്വാഴ്ച) നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി വെച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻ ലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നതെന്നാണ് കാരണമായി പറയപ്പെടുന്നത്. യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻ ലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത് എന്നും സംഘടനയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ അമ്മയുടെ നിലനിൽപ്പ് അടക്കം തീരുമാനിക്കുന്ന നിർണായക യോഗമാണ് ഇനി നടക്കാനുള്ളത്.
.