കരിപ്പൂർ വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധന മരവിപ്പിച്ചു
മലപ്പുറം: കരിപ്പൂൂർ വിമാനത്താവളത്തിൽ ടാക്സികളുടെ പാർക്കിങ് ഫീസ് വര്‍ദ്ധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം. ഏഴ് ഇരട്ടിയിലേറെ വർധനവായിരുന്നു നടപ്പിലാക്കിയിരുന്നത്.
.
ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. പ്രതിസന്ധിയിലായ ടാക്സി ഡ്രൈവർമാര്‍ അന്നു മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തിൽ നടന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത് മാറ്റമില്ലാതെ തുടരും.
.
കരിപ്പൂർ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധം തുടർക്കഥയായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. എന്നാൽ ടാക്സി വാഹനങ്ങളുടേത് മാത്രമാണ് നിലവിൽ ഒഴിവാക്കിയത്. മറ്റ് നിരക്കുകൾ തുടരും.
ഓഗസ്റ്റ് 16 മുതലാണ് വർദ്ധനവ് പ്രാബല്യത്തിലായത്. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വർധിപ്പിച്ചു. 7 സീറ്റിൽ മുകളിലുള്ള എസ് യു വി കാറുകൾക്കും മിനി ബസുകൾക്കും 20 രൂപയിൽ നിന്ന് 80 രൂപ വരെയാക്കി ഉയർത്തി. അരമണിക്കൂർ കഴിഞ്ഞാൽ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്.
.
ഇരുചക്ര വാഹനങ്ങൾക്ക് പത്തുരൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയുമാണ് ഫീസ്. വിമാനത്താവളത്തിൽ വാഹനം പാർക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയർത്തിട്ടുണ്ട്.
.