യുവനടിയുടെ ലൈംഗികാരോപണം; സിദ്ധീഖിനെതിരെ കേസെടുക്കാൻ സാധ്യത, അമ്മ പൊട്ടിത്തെറിയുടെ വക്കിൽ, അടിയന്തിര എക്സികൂട്ടീവ് വിളിക്കണമെന്ന് ആവശ്യം, മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ രൂക്ഷ വിമർശനം
യുവനടി രേവതി സമ്പത്തിൻ്റെ ലൈംഗിക ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുക്കാൻ സാധ്യത. സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവനടി ഉയർത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.
.
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. രേവതി സമ്പത്തിൻ്റെ വിശദീകരണം കേട്ട സംവിധായകൻ സജി നന്ത്യാട്ട് പോലും ചാനൽ ചർച്ചയിൽ സിദ്ദീഖിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. നടൻ സിദ്ദീഖിൻ്റെയും ദിലീപിൻ്റെയും ഏറ്റവും അടുപ്പക്കാരിൽ ഒരാളാണ് സജി നന്ത്യാട്ട് എന്നത് ശ്രദ്ധേയമാണ്.
.
.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ സിദ്ദീഖിനെതിരെ ഉയർന്ന ആരോപണം വളരെ ഗൌരവത്തോടെയും ആശങ്കയോടെയുമാണ് സിനിമാ ലോകം കാണുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുറത്ത് വരുന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ മൂലം താരസംഘടനയായ അമ്മയിലും ഭിന്നത രൂക്ഷമായി. അമ്മയുടെ ജനറൽ സെക്രട്ട്രറിയായ സിദ്ദീഖിൻ്റെ നേതൃത്വത്തിൽ ഇന്നലെ മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിച്ച കാര്യങ്ങളെ ഉടൻ തന്നെ സംഘടനയുടെ വൈസ് പ്രസിഡണ്ടായ ജഗദീഷ് തള്ളികളഞ്ഞിരുന്നു. സിദ്ദീഖിൻ്റെ നിലപാടിന് വിരുദ്ധമായ നിലപാടായിരുന്നു ജഗദീഷിൻ്റെത്. ഇന്ന് കൂടതൽ നടിമാർ തന്നെ സിദ്ധീഖിൻ്റെ നിലപാടിന് എതിരായി രംഗത്ത് വന്നു. അമ്മ എക്സികൂട്ടീവ് അംഗമായ യുവനടി അൻസിബയും സിദ്ധീഖിൻ്റെ നിലാപാടിന് എതിരായാണ് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ചത്. കൂടാതെ ശ്വേതാമേനോനും, മുതിർന്ന നടി ഉർവ്വശിയും അമ്മ ജനറൽ സെക്രട്ട്രറി സിദ്ധീഖിൻ്റെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചു. അടിയന്തിരമായി അമ്മ എക്സിക്യൂട്ടീവ് യോഗം വിളിച്ച് ചേർക്കണമെന്നും ഉർവ്വശി ആവശ്യപ്പെട്ടു.
.
സിദ്ദീഖിനെതിരെയുള്ള ആരോപണം കൂടി പുറത്ത് വന്നതോടെ പുകഞ്ഞ് പൊട്ടിത്തെറിയുടെ വക്കിലാണ് താരസംഘനടയായ അമ്മ. താര രാജക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെയും പൊതുജന രോഷം ശക്തമാണ്. ഇത്രയും നീചമായ കാര്യങ്ങൾ സംഘടനയിൽ നടന്നിട്ടും ഇതിനെതിരെ ഇത് വരെ ശബദിച്ചില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ജനങ്ങളുടെ കുറ്റപ്പെടുത്തൽ. പവർ ഗ്രൂപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പലരുടേയും വിലയിരുത്തൽ. അതിനാലാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറുത്ത് വന്നിട്ട് ഇതുവരെയും മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാതെ മൌനം പാലിക്കുന്നതെന്നും ജനങ്ങൾ വിലയിരുത്തുന്നു.
.
നാളെ മുതൽ സംഭവം കൂടുതൽ ചൂടേറിയ ചർച്ചക്ക് വഴിവെക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. സിദ്ദീഖിനെതിരെ കേസെടുക്കാനും സാധ്യത ഏറെയാണ്. സിദ്ദീഖിനെതിരെ കേസെടുത്താൽ അത് അമ്മയിൽ ചൂടേറിയ ചർച്ചക്കും പൊട്ടിത്തെറിക്കും കാരണമാകും. സിദ്ദീഖ് ജനറൽ സെക്രട്ട്രറി സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടതായും വരും. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കേസെടുത്തപ്പോൾ അന്നത്തെ ട്രഷററായിരുന്ന ദിലീപ് സ്ഥാനം ഒഴിഞ്ഞതായിരുന്നു. ആ നിലപാട് സിദ്ദീഖിനും സ്വീകരിക്കേണ്ടി വരും.
.