‘പ്രമുഖരുടെ ലൈംഗികാതിക്രമ വിവരങ്ങൾ പൂഴ്ത്തി’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിൻ്റെ ‘കടുംവെട്ട്’; 5 പേജുകൾ എവിടെ?

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍, മുന്‍പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സർക്കാർ ഒഴിവാക്കിയതു വിവാദമാകുന്നു. മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചാണു ജസ്റ്റിസ് ഹേമ റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിച്ചത്. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നും കൂടുതല്‍ എന്തൊക്കെ ഒഴിവാക്കാമെന്നു സര്‍ക്കാരിനു പരിശോധിച്ചു തീരുമാനിക്കാമെന്നുമാണു വിവരാവകാശ കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്.
.
ഇതുപ്രകാരം ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകരെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പറയാതെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കിയതാണു വിവാദമായത്. 48-ാം പേജിലെ 93-ാം പാരഗ്രാഫില്‍ സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളില്‍നിന്നുള്‍പ്പെടെ സ്ത്രീകള്‍ക്കു ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായി ലഭിച്ച തെളിവുകളില്‍നിന്നു വ്യക്തമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
.

ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്കു മുന്നിലെത്തിയ മൊഴികള്‍ വിശ്വസിക്കാതിരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു കഴിഞ്ഞുള്ള 5 പേജുകളാണ് പൂര്‍ണമായി ഒഴിവാക്കിയത്. 42-43 പേജുകളിലെ 85-ാം പാരഗ്രാഫും 59-79 പേജുകളിലെ 44 പാരാഗ്രാഫുകളും ഒഴിവാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ 49-53 പേജുകള്‍ ഒഴിവാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ല. മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ പേജുകള്‍ ആരുമറിയാതെ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. അതേ സമയം പുറത്ത് വിടരുതന്ന് വിലക്കിയ ചില വിവരങ്ങൾ റിപ്പോർട്ടിൽ പുറത്ത് വന്നതായും ആക്ഷേപമുണ്ട്.
.
അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ വിഷയം ചൂടുപിടിച്ചു. ഏതൊക്കെയാണ് ഒഴിവാക്കുന്നത് എന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആദ്യം വിവരാവകാശ കമ്മീഷനെ സമീപിച്ചവര്‍ക്കുള്‍പ്പെടെ നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇതില്‍ 96-ാം പാരഗ്രാഫ് ഒഴിവാക്കിയതിന്റെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
.
അതേസമയം ഏതൊക്കെയാണ് ഒഴിവാക്കിയത് എന്നതിന്റെ പട്ടിക അപേക്ഷകര്‍ക്ക് നല്‍കിയപ്പോള്‍ ഈ പാരഗ്രാഫിന്റെ കാര്യം അതില്‍ ഉള്‍പ്പെടാത്തതാണ് ഇപ്പോഴുയര്‍ന്ന ആശയക്കുഴപ്പത്തിന് കാരണം. ജൂലൈ അഞ്ചിലെ ഉത്തരവില്‍ 26 പേജില്‍ കൃത്യമായി പറയുന്നുണ്ട് വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിന് പുറമെ സ്വകാര്യതയെ ബാധിക്കുമെന്ന ബോധ്യമുള്ള ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
.

233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണം. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. ഇതിനൊപ്പം മൊഴികള്‍ അടങ്ങിയ അനുബന്ധ റിപ്പോര്‍ട്ടും വെളിപ്പെടുത്തരുത് എന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്. സത്യത്തില്‍ ഈ 96-ാം പാരഗ്രാഫ് 49-ാമത്തെ പേജിന് പകരം 48ലാണ് വന്നത്. എഡിറ്റ് ചെയ്തവര്‍ പേജ് നമ്പര്‍ വെച്ച് അത് ഒഴിവാക്കി നല്‍കിയപ്പോള്‍ അബദ്ധത്തിവല്‍ വെളിപ്പെടുത്തരുതെന്ന് പറഞ്ഞത് പുറത്തുവന്നു.
.

ഉദ്യോഗസ്ഥര്‍ക്ക് വന്ന നോട്ടപ്പിശക് ഇപ്പോള്‍ സര്‍ക്കാരിന് തീരാ തലവേദനയാണ് ഉണ്ടാക്കാന്‍ പോകുന്നത്. റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡന ആരോപണം പ്രശസ്തരായ നടന്മാരുടെ നേരെ ഉയര്‍ന്നിട്ടുണ്ട്, അവരുടെ പേരുകള്‍ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട് എന്ന അനുമാനത്തിലേക്കാണ് ഇത് എത്തിച്ചത്. ഇനി റിപ്പോര്‍ട്ടില്‍ പേരുള്ള നടന്മാരെ തുറന്നുകാണിക്കാന്‍ സര്‍ക്കാരിന് മേലെ സമ്മര്‍ദ്ദം മുറുകുമെന്നതാണ് പുതിയ വിവാദംകൊണ്ട് ഉണ്ടായ സഹായം.
.

Share
error: Content is protected !!