ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി, റിപ്പോർട്ടിൻ്റെ പൂർണ രൂപം മുദ്രവെച്ച കവറിൽ ഹാജരാക്കണം, കേസെടുക്കുമോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
.
കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോ‍ർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
.
സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുകയെന്ന് കോടതി ആരാഞ്ഞു. റിപ്പോര്‍ട്ടിലെ ലൈംഗിക പീഡന പരാതികള്‍ പഠിക്കാന്‍ അന്വേഷണ സമിതിയെ നിയമിക്കാനാകുമോ എന്നും കോടതി ചോദിച്ചു. അതേസമയം, കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയവര്‍ പരാതി നല്‍കാത്തതാണ് കേസെടുക്കാത്തതിന് കാരണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഇരകള്‍ക്ക് പൊതുസമൂഹത്തിനു മുന്നില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും രഹസ്യാത്മകത ഉറപ്പുനല്‍കിയാണ് കമ്മിഷന്‍ മൊഴിയെടുത്തിരുന്നതെന്നും എ.ജി. കൂട്ടിച്ചേര്‍ത്തു. എന്നാൽ കേസ് എടുക്കണമെന്ന ആവശ്യത്തിൽ മൊഴി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
.

Share
error: Content is protected !!