ഇന്‍ഡിഗോ വിമാന ടിക്കറ്റിൽ സൗന്ദര്യത്തിന് ഫീസ്; ട്വിറ്ററില്‍ വിവാദം, വിശദീകരണവുമായി കമ്പനി
വിമാനയാത്രികര്‍ സൗന്ദര്യത്തിന് ഫീസ് കൊടുക്കേണ്ടി വരുന്നതിന്റെ ഗതികേടിനെ കുറിച്ചാണ് ഇപ്പോള്‍ എക്‌സിലെ ഏറ്റവും വലിയ ചര്‍ച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനടിക്കറ്റില്‍ ക്യൂട്ട് ഫീ എന്ന പേരില്‍ 50 രൂപ ഇടാക്കിയതാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്. ശ്രയാന്‍ഷ് സിങെന്ന എക്‌സ് ഉപയോക്താവാണ് ട്വീറ്റീല്‍ ഇന്‍ഡിഗോ 50 രൂപ ക്യൂട്ട് ഫീയായി ഈടാക്കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
.
യാത്രക്കാര്‍ ക്യൂട്ടായതിനാണോ അതോ വിമാനം ക്യൂട്ടാണെന്ന് നിങ്ങള്‍ കരുതുന്നതിനാണോ ഈ ഫീസ് ഈടാക്കിയതെന്നായിരുന്നു വിമാന ടിക്കറ്റിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച് ശ്രയാന്‍ഷ് ചോദിച്ചത്. ഇന്‍ഡിഗോ കമ്പനി അക്കൗണ്ടിനെ മെന്‍ഷന്‍ ചെയ്തായിരുന്നു അദ്ദേഹം പോസ്റ്റിട്ടത്. ഇതിന് പുറമെ വിമാനക്കമ്പനി വാങ്ങുന്ന യൂസര്‍ ഡവല്‌പെന്റ് ഫീസിനെയെയും ഏവിയേഷന്‍ സെക്യൂരിറ്റി ഫീസിനെയും പോസ്റ്റില്‍ അദ്ദേഹം ചോദ്യം ചെയ്തു. നികുതിക്ക് പുറമെ ഇത്തരം ഫീസീടാക്കുന്നത് ചോദ്യം ചെയ്ത ശ്രയാന്‍ഷ് വ്യോമയാന സുരക്ഷയും ഇപ്പോള്‍ വിമാനകമ്പനികളാണോ നോക്കുന്നതെന്നും ചോദിച്ചു.
.
അതേസമയം ശ്രയാന്‍ഷിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്‍ഡിഗോ രംഗത്തെത്തി. ആ ക്യൂട്ടല്ല തങ്ങളുദ്ദേശിച്ചതെന്നും ഇത് കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്യുപ്‌മെന്റ് ചാര്‍ജാണെന്നു’മായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ മെഷീനുകള്‍, എസ്‌കലേറ്ററുകള്‍ തുടങ്ങി യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കുള്ള നിരക്കാണെന്നും കമ്പനി വിശദീകരിച്ചു. യൂസര്‍ ഡവലപ്‌മെന്റ് ഫീസ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏവിയേഷന്‍ സെക്യൂരിറ്റി ഫീ ബുക്കിങുമായി ബന്ധപ്പെട്ട് കമ്പനി യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
.
എന്നാല്‍ ഇന്‍ഡിഗോയുടെ വിശദീകരണം കേള്‍ക്കാനൊന്നും എക്‌സ് ഉപയോക്താക്കള്‍ തയ്യാറായില്ല. ഫീസിലെ ക്യൂട്ട്‌നെസില്‍ പിടിച്ചുള്ള കമന്റുകളായിരുന്നു പിന്നീട് ട്രെന്‍ഡിങ്ങായത്. സൗന്ദര്യം ഒരു ശാപമായി തോന്നുകയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്രയും വിശദീകരണങ്ങള്‍ നല്‍കിയതിന് ഇന്‍ഡിഗോ ഇനി എക്‌സ്പളനേഷന്‍ ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരാളുടെ ട്രോള്‍. സുന്ദരന്‍മാര്‍ ഇനി ഇന്‍ഡിഗോയില്‍ കയറാതെ മറ്റ് കമ്പനികള്‍ നോക്കണമെന്ന ഉപേദശവുമായാണ് ചിലരുടെ കമന്റ്.
.
Dear @IndiGo6E ,
1. What is this ‘Cute Fee’? Do you charge users for being cute? Or do you charge because you believe that your aeroplanes are cute?
2. What is this ‘User Development Fee’? How do you develop me when I travel in your aeroplane?
3. What is this ‘Aviation… pic.twitter.com/i4jWvXh6UM
— Shrayansh Singh (@_shrayanshsingh) August 19, 2024
.