ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചക്ക് രണ്ടരക്ക് പുറത്തുവിടും; സ്വകാര്യതയെ ‌ബാധിക്കുന്ന വിവരങ്ങൾ പുറത്ത് വിടില്ല

തിരുവനന്തപുരം: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പുറത്തുവിട്ടേക്കുമെന്ന് റിപ്പോർട്ട്. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെയാണ് റിപ്പോർട്ട് കൈമാറുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
.
ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിടുന്നത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. അതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ പൂർണമായി ഒഴിവാക്കും. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിടില്ല.
.
മൊഴികളും ആളുകളെ ബാധിക്കുന്ന വിവരങ്ങളും ഉൾപ്പെടെയുള്ളവ പുറത്തുവരുന്നില്ലെങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
.
ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടി രഞ്ജിനിയുടെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി വ്യക്തമാക്കിയിരുന്നു.

റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എൻ്റെ വാദം കൂടി കേട്ട ശേഷം റിപ്പോർട്ട് പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ല. ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. രാജ്യത്ത്  കേരളത്തിലാണ് ഇത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതിൽ സ‍ർക്കാരിനെയും മുഖ്യമന്ത്രിയെയും താൻ അഭിനന്ദിക്കുന്നുവെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു.
.

Share
error: Content is protected !!