പ്രതികൂല കാലാവസ്ഥ: വിമാനയാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു, വീട്ടമ്മക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
തൃശ്ശൂർ: വിമാനയാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന വീട്ടമ്മയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും ടിക്കറ്റ് ചാർജും കോടതിച്ചെലവും നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തൃശ്ശൂർ സിറ്റി സെന്ററിൽ പ്രവർത്തിച്ചുവരുന്ന എയർ ട്രാവൽസ് വഴിയാണ് ഇവർ 2011 ഓഗസ്റ്റ് 27-ന് ന്യൂയോർക്കിലേക്ക് യാത്രചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത്. ചെന്നൈയിൽനിന്ന് ലണ്ടൻ എയർപോർട്ടിൽ എത്തിയപ്പോൾ ന്യൂയോർക്ക് എയർപോർട്ടിലെ കൊടുങ്കാറ്റ് കാരണം വിമാനം റദ്ദാക്കിയെന്നും അമേരിക്കയിലെ വിദൂരസ്ഥലത്ത് എവിടെയെങ്കിലുമിറങ്ങിക്കൊള്ളാനും നിർദേശം ലഭിച്ചു. വീട്ടമ്മ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് മടങ്ങി.
.
വിമാനം റദ്ദാക്കിയ വിവരം നേരത്തേ അറിഞ്ഞിട്ടും പ്രായമായ വീട്ടമ്മയെ ലണ്ടൻ വരെ അനാവശ്യമായി യാത്രയ്ക്ക് പ്രേരിപ്പിച്ചത് സേവനത്തിൽ വരുത്തിയ വീഴ്ചയാണെന്ന് കൺസ്യൂമർ ഡിസ്‌പ്യൂട്ട്സ് റിഡ്രസൽ കമ്മിഷൻ ബെഞ്ച് കണ്ടെത്തി. ഹർജിക്കാരി അനുഭവിച്ച മാനസികവ്യഥയ്ക്കും ബുദ്ധിമുട്ടിനും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും ടിക്കറ്റ് ചാർജായ 52,000 രൂപയും കോടതിച്ചെലവ് 10,000 രൂപയും ഹർജിക്കാരിക്ക് നൽകാൻ സി.ടി. ബാബു പ്രസിഡന്റും ആർ. റാംമോഹൻ, ശ്രീജ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്. ഹർജിക്കാരിക്കുവേണ്ടി അഡ്വ. കെ.കെ. വാരിജാക്ഷൻ ഹാജരായി.
.