മക്കയിൽ പിതാവിൻ്റെ ഖബറിനോട് ചേർന്ന് റിയാസിനും അന്ത്യവിശ്രമം

മക്ക: പിതാവിൻ്റെ ഖബടക്കം കഴിഞ്ഞ് കുടുംബ സമേതം മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് മരിച്ച മകൻ റിയാസിൻ്റെ മൃതദേഹവും ഖബറടക്കി. പിതാവിൻ്റെ മൃതദേഹം മറവ് ചെയ്തിട്ടുളള മക്കയിലെ ജന്നത്തുൽ മഹല്ലയിൽ ഉപ്പയുടെ ഖബറിനോട് ചേർന്ന് തന്നെയാണ് വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസിനും അന്ത്യവിശ്രമം. ഇന്നലെ (ചൊവ്വാഴ്ച) രാത്രി ഇശാ നമസ്കാരത്തിന് ശേഷം മസ്ജിദുൽ ഹറമിൽ മയ്യിത്ത് നമസ്കരിച്ചു. തുടർന്ന് ജന്നത്തുൽ മഹല്ലയിൽ എത്തിച്ച് പിതാവിൻ്റെ ഖബറിനോട് ചേർന്ന് തന്നെ മറവ് ചെയ്തു.
.
ഇക്കഴിഞ്ഞ ഹജ്ജിന് ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് മാസ്റ്റർ (74). എന്നാൽ അറഫയിൽ വെച്ച് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം മരിച്ചിട്ടുണ്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിതാവിൻ്റെ ഖബറടക്കം നടത്തുന്നതിനായി കുവൈത്തിൽ നിന്ന് കുടുംബ സമേതം എത്തിയതായിരുന്നു മക്കളായ റിയാസും സൽമാനും. കർമ്മങ്ങൾ പൂർത്തിയാക്കി റിയാസും കുടുബവും റോഡ് മാർഗ്ഗം കുവൈത്തിലേക്ക് തിരിച്ചു. അനിയൻ സൽമാനും കുടുംബവും മദീന സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷം മടങ്ങാനായി മക്കയിൽ തന്നെ തങ്ങുകയായിരുന്നു.
.
എന്നാൽ കുവൈത്തിലേക്കുള്ള മടക്ക യാത്രയിൽ മക്കയിൽ നിന്ന് ഏകദേശം മുന്നൂറ് കിലോമീറ്റർ പിന്നിട്ടപ്പോൾ (തായിഫിൽ നിന്ന് ഏകദേശം 200 കി.മീ) റിദ് വ എന്ന സ്ഥലത്ത് വെച്ച് റിയാസ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. റിയാസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഭാര്യയും മൂന്ന് മക്കളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
.
ഹജ്ജിനിടെ മുഹമ്മദ് മാസ്റ്ററെ കാണാതായത് മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു ഈ കുടുംബത്തിൻ്റെ ദുരവസ്ഥ. കുറേ വൈകിയെങ്കിലും മൃതദേഹം കണ്ടെത്തിയെന്ന വാർത്തയും ഏവരേയും ദുഃഖത്തിലാഴ്ത്തി. അതിന് ശേഷം ഖബറടക്കം കഴിഞ്ഞ് മടങ്ങവെ മകനും അപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.
.
പിതാവിൻ്റെ ഖബറിൽ ഇറങ്ങി മൃതദേഹം മതാചാരപ്രകാരം കിടത്തിയ ശേഷം ഖബറിൽ നിന്ന് കയറി വന്നയാളായിരുന്നു അപകടത്തിൽ മരിച്ച മകൻ റിയാസ്. പിതാവിന്റെ എല്ലാ കർമ്മങ്ങളും പൂർത്തിയാക്കി നാട്ടിൽ മയ്യിത്ത് നമസ്കരിക്കാനുള്ള നിർദ്ദേശങ്ങളും നൽകിയ ശേഷമാണ് റിയാസും കുടുംബവും ജോലി സ്ഥലമായ കുവൈത്തിലേക്ക് മടങ്ങിയത്. ആ  യാത്രയിലായിരുന്നു റിയാസിൻ്റെ മരണത്തിലേക്ക് വഴിവെച്ച ആ ദാരുണ അപകടം. കുടുംബത്തിൻ്റെ ആഗ്രഹപ്രകാരമാണ് റിയാസിനേയും പിതാവിൻ്റെ ഖബറിനോട് ചേർന്ന് തന്നെ മറവ് ചെയ്തത്.
.

Share
error: Content is protected !!