പ്രായമായവരെ ലക്ഷ്യമിട്ട വനിതാ മാനേജര്‍; ദുഃഖം പങ്കുവച്ചത് പാപ്പച്ചന് വിനയായി, ഒടുവില്‍ അരുംകൊല

കൊല്ലം: എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹമാണ് സരിതയുടെ അറസ്റ്റിലെത്തിച്ചത്. വയോധികനും കുടുംബത്തിൽനിന്നകന്ന് ഒറ്റയ്ക്കു ജീവിക്കുന്നയാളുമായ പാപ്പച്ചനു വേണ്ടി ആരും ചോദിച്ചുവരില്ലെന്ന ചിന്ത ആദ്യമേ തെറ്റി. നിക്ഷേപത്തുകയിൽ എന്തോ തിരിമറി നടന്നെന്ന പാപ്പച്ചന്റെ സംശയമാണ് കൊലപാതകത്തിലെത്തിയത്.
.
സംഭവം നടന്ന മേയ് 23-നു പിറ്റേന്ന് ഓഫീസിൽ എത്തിയ സരിത ഭാവവ്യത്യാസം ഒന്നും കാട്ടിയില്ല. ചില സമയങ്ങളിൽ ദുഃഖിതയായി കാണപ്പെട്ടു. പാപ്പച്ചന്റെ മരണവാർത്ത പത്രത്തിൽ വായിച്ചതായി ജീവനക്കാരോട് പറയുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു സരിതയ്ക്ക്. പാപ്പച്ചന്റെ ഭാര്യയും മകളും പരാതിയുന്നയിച്ചതോടെ സ്ഥാപനത്തിന്റെ ആസ്ഥാനത്തു നിന്ന് ജൂൺ രണ്ടാംവാരം ഓഡിറ്റിങ്ങിന് ആളെ അയച്ചു. ഓഡിറ്റിങ്ങിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും അത് സരിത തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.
.
സരിതയ്ക്കുവേണ്ടി ക്വട്ടേഷൻ നടത്തിയവരും വെറുതെയിരുന്നില്ല. കൊല്ലം ബീച്ചിലേക്ക് സരിതയെ വിളിച്ചുവരുത്തി പലതവണയായി 18 ലക്ഷം രൂപയോളം അനിമോൻ, മാഹീൻ എന്നിവർ വാങ്ങി. വണ്ടി വാടകയ്ക്കു നൽകിയ ഹാഷിഫ് കൊലപാതകവിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കണ്ടെങ്കിൽ പണം തരണമെന്നു ഭീഷണിപ്പെടുത്തി മൂന്നുലക്ഷത്തോളം രൂപ വാങ്ങി. കിട്ടിയ പണംകൊണ്ട് മാഹീൻ ഭവനവായ്പക്കുടിശ്ശിക വീട്ടുകയും ചെയ്തു.
.
തിരിമറി നടത്തിയ സരിതയെക്കൊണ്ട് സ്ഥാപനം പണം തിരികെയടപ്പിച്ചതിനുപുറമേ ക്വട്ടേഷൻ സംഘത്തിന്റെ സമ്മർദംകൊണ്ടും കൈ വശമിരുന്ന പണമെല്ലാം തീർന്ന അവസ്ഥയുമായി. ഓഡിറ്റിങ്ങിനുശേഷം പണം അടച്ചതിനാൽ ജോലിയിൽ തുടരാമെന്നു വിചാരിച്ചിരുന്നെങ്കിലും ജൂൺ 25-ന് സരിതയെയും അനൂപിനെയും സ്ഥാപനം പിരിച്ചു വിടുകയായിരുന്നു.
.
സി.സി.ടി.വി.യും ഫോൺ വിളികളും പരിശോധിച്ച് പോലീസ് അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിഭാഷകരുടെ എംബ്ലം ഒട്ടിച്ച കാറിലായിരുന്നു മിക്കപ്പോഴും സരിത വന്നിരുന്നത്. നിയമബിരുദധാരിയാണെന്നാണ് ഓഫീസിലെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. ഭർത്താവിന്റെ വീടും തിരുവനന്തപുരത്താണ്. കൊല്ലത്ത് തേവള്ളി മൃഗാശു പത്രിക്കു സമീപം വാടകവീട്ടിലായിരുന്നു താമസം.
.


കൊലക്ക് ഉപയോഗിച്ച കാറ്, കൊല്ലപ്പെട്ട പാപ്പച്ചൻ

തട്ടിപ്പ് നടത്തിയതിങ്ങനെ

2024 ഫെബ്രുവരിയിലാണ് പാപ്പച്ചൻ സ്ഥാപനത്തിൽ 36 ലക്ഷം നിക്ഷേപിക്കുന്നത്. ഒരുവർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിരുന്നു. സരിതയുടെ ശുപാർശയിലായിരുന്നു തുക സ്ഥാപനത്തിൽ നിക്ഷേപിച്ചത്. തുടർന്ന് നഗരത്തിലെ മറ്റു പല ബാങ്കുകളിലുമുള്ള പാപ്പച്ചന്റെ നിക്ഷേപം ഇവിടേക്ക് കൊണ്ടുവരാൻ സരിത പ്രേരിപ്പിച്ചു. ഇതുകൂടി വന്നപ്പോൾ നിക്ഷേപം 92 ലക്ഷമായി ഉയർന്നു. ഈ സ്ഥിരനിക്ഷേപത്തിന്മേൽ വായ്പയെടുത്തുതുടങ്ങി. പാപ്പച്ചന്റെ അക്കൗണ്ടിലായിരുന്നു വായ്പയെല്ലാം. ആദ്യം അഞ്ചുലക്ഷമെടുത്തു. അത് അടച്ചുതീർത്തശേഷം 11 ലക്ഷവും പിന്നീട് 25 ലക്ഷവും വായ്പയെടുത്തു. 25 ലക്ഷമായി വായ്പ ഉയർന്നപ്പോൾ അത് അക്കൗണ്ടിൽ 1.17 കോടിയാകാതെ വന്നതിനാൽ താൻ ചതിക്കപ്പെട്ടെന്നു മനസ്സി ലാക്കി. ഇതോടെയാണ് സംശയം ഉന്നയിച്ചത്. എന്നാൽ പണം പോയിട്ടില്ലെന്നും പരിശോധിച്ചുപറയാമെന്നും ഉറപ്പു നൽകി വിടുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.

.
പദ്ധതിയിട്ടത് പാപ്പച്ചൻ തനിച്ചാണെന്ന് കണ്ട്

പാപ്പച്ചൻ തനിച്ചാണ് താമസമെന്നു കണ്ടാണ് അദ്ദേഹത്തിന്റെ പണം തട്ടാൻ, സ്വകാര്യ പണമിടപാട് സ്ഥാപന മാനേജർ സരിതയും ജീവനക്കാരൻ അനൂപും പദ്ധതിയിട്ടത്. ഇവരുടെ സ്ഥാപനത്തിൽ പാപ്പച്ചൻ ആദ്യം 36 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പിന്നീട് രണ്ടുതവണയായി 20 ലക്ഷം വീതം ഇട്ടു. ഇദ്ദേഹത്തിന്റെ പക്കൽ പണമുണ്ടെന്നു മനസ്സിലാക്കി കൂടുതൽ നിക്ഷേപം കാൻവാസ് ചെയ്യാനായി സരിതയും അനൂപും പാപ്പച്ചന്റെ വീട്ടിലെത്തി. അപ്പോഴാണ് തനിച്ചാണ് താമസമെന്നു മനസ്സിലായത്. മകൻ കുവൈത്തിലും മകൾ യു.പി.യിലുമാണ്. ഭാര്യയും ഒപ്പമില്ല. ഇതോടെയാണ് പാപ്പച്ചനെ കബളിപ്പിച്ച് പണം തട്ടാൻ പ്രതികൾ പദ്ധതിയിട്ടത്.
.
കുടുംബാംഗങ്ങളോട് പാപ്പച്ചൻ പുലർത്തിയിരുന്ന അകലം മനസിലാക്കി അദ്ദേഹത്തോട് അടുക്കാനുള്ള അവസരമാക്കിയാണ് സരിത തട്ടിപ്പുകളും കൊലപാതകശ്രമങ്ങളും നടത്തിയത്. ആശ്രാമം മൈതാനത്തും പരിസരത്തുമെല്ലാം സൈക്കിളിൽ സ്ഥിരമായി പാപ്പച്ചൻ സഞ്ചരിക്കാറുണ്ടെന്നു മനസ്സിലാക്കിയായിരുന്നു പ്രതികളുടെ നീക്കങ്ങൾ. പാപ്പച്ചൻ വീട്ടിൽനിന്നു പുറത്തിറങ്ങുന്ന സമയംനോക്കി അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു തീരുമാനം.
.
ശങ്കേഴ്‌സ് ആശുപത്രി പരിസരം, കടപ്പാക്കട ഭാഗം എന്നിവിടങ്ങളിലെല്ലാംവെച്ച് സൈക്കിളിൽ മാഹീന്റെ ഓട്ടോയിടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ ശ്രമം വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് അനിമോനുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്കെടുത്തത്. കനത്ത മഴമൂലം വീടിനു പുറത്തിറങ്ങാതിരുന്ന പാപ്പച്ചനെ പുറത്തിറക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

.

 അറസ്റ്റിലായ പ്രതികൾ
.

വിശ്വാസം മുതലെടുത്തു, തട്ടിയെടുത്തത് 70 ലക്ഷത്തോളം

ലക്ഷങ്ങൾ കൈയിലുണ്ടെങ്കിലും ലളിതജീവിതമാണ് പാപ്പച്ചൻ നയിച്ചിരുന്നത്. മിക്കപ്പോഴും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ ആശ്രാമം കൈരളി നഗറിലെ വീട്ടിൽനിന്ന് ഓലയിലെ ധനകാര്യസ്ഥാപനത്തിൽ എത്തിയിരുന്നു. അപ്പോഴെല്ലാം ഉയർന്ന പലിശ വാഗ്ദാനംചെയ്ത് കൂടുതൽ പണം സ്ഥാപനത്തിൽ നിക്ഷേപിക്കാൻ സരിത അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് ചെക്കുകളും വാങ്ങി. ഈ ചെക്ക് ഉപയോഗിച്ച് ധനകാര്യസ്ഥാപനത്തിൽ ഇട്ടിരുന്ന 36 ലക്ഷം രൂപയിൽനിന്ന് ആറുലക്ഷം രൂപ സരിത വായ്പയായി എടുത്തു. പിന്നീട് അഞ്ചുലക്ഷവും പിൻവലിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ ഉണ്ടായിരുന്ന 14 ലക്ഷം രൂപയും പിൻവലിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉണ്ടായിരുന്ന 26 ലക്ഷവും കൈക്കലാക്കി. പാപ്പച്ചന്റെ അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കപ്പെട്ട തുകകൾ 70 ലക്ഷത്തോളം വരുമെന്നാണ് പോലീസിന്റെ കണക്ക്.

.
ജീവിതവിഷമങ്ങൾ പങ്കുവെച്ചത് പാപ്പച്ചനു വിനയായി

പാപ്പച്ചന്റെ ഭാര്യ വർഷങ്ങളായി ജോലിചെയ്തിരുന്നത്‌ ഗവ. ബോയ്‌സ് ഹൈസ്കൂളിലായിരുന്നു. ഇതിനടുത്തുള്ള ധനകാര്യസ്ഥാപനമെന്ന നിലയിലാണ് അഞ്ചാലുംമൂട് റോഡിലുള്ള സ്ഥാപനത്തിൽ നിക്ഷേപത്തിനു തയ്യാറായത്. മാനേജർ സരിതയും അനൂപും ഉൾപ്പെടെ മൂന്നുപേർ മാത്രമേ ഇവിടെ ജീവനക്കാരായുള്ളൂ. ഇവരോടൊക്കെ പാപ്പച്ചന് നല്ല അടുപ്പമായിരുന്നു. മക്കൾ വിദേശത്താണെന്നും ഭാര്യ ഒപ്പമില്ലെന്നും ജീവനക്കാരോടു പറയുകയും വിഷമങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
.
പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം സ്ഥിരനിക്ഷേപവും ഉണ്ടായിരുന്നു. മറ്റു ബാങ്കുകളിലെ നിക്ഷേപം കഴിയുന്നത്ര തങ്ങളുടെ സ്ഥാപനത്തിലേക്ക് കൊണ്ടുവരാൻ പ്രതികൾ നിർബന്ധിച്ചിരുന്നു. നിക്ഷേപത്തിനുമേൽ പല വായ്പകളെടുക്കാനും പ്രതികൾ ശ്രമിച്ചു. പണം വിട്ടുകളിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പാപ്പച്ചൻ. മറ്റു നിക്ഷേപങ്ങൾ കൊണ്ടുവന്നാൽ തങ്ങൾക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നൽകാമെന്ന് വാഗ്‌ദാനം നൽകിയാണ്‌ കെണിയിൽ വീഴ്‌ത്തിയത്.

.

Share
error: Content is protected !!