പാലക്കാട്ടും മലപ്പുറത്തും പ്രകമ്പനം; ഒറ്റപ്പാലത്തും കരിപ്പൂരും ഇടിവെട്ടുന്നതിന് സമാനശബ്ദം ഉണ്ടായെന്ന് നാട്ടുകാർ

പാലക്കാട്: വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്.
.
ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല.
.
ആദ്യം എന്താണ് സംഭവിക്കുന്നത് മനസ്സിലായില്ല. തുടർന്ന് മാധ്യമങ്ങളിൽ കൂടി വയനാട്ടിലെ പ്രകമ്പന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടർച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്ന് പ്രദേശവാസികൾ കരുതുന്നത്.
.
അതേസമയം, ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന്‌ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാലക്കാട് നിന്നും സമാനമായ റിപ്പോർട്ടുകൾ വരുന്നത്.
.
മലപ്പുറം എടപ്പാളിൽ നിന്നും സമാനമായ ശബ്ദങ്ങൾ കേട്ടതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. തൃശ്ശൂർ അതിർത്തിയോട് ചേർന്ന് കിടക്കുന്ന എടപ്പാൾ ഭാഗത്താണ് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നത്. രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് മുകളിൽ എന്തോ പതിക്കുന്നതായുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
.
മലപ്പുറം കരിപ്പൂരിലും മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിന് സമീപം മാതാംകുളത്താണ് മുഴക്കം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെയാണ് വലിയ ശബ്ദമുണ്ടായത്. ഇടിമിന്നലാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് വയനാട്ടിൽ ഭൂമുഴക്കം ഉണ്ടായത് അറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു.
.

Share
error: Content is protected !!