ആരെന്നറിയില്ല, ഇനി നമ്പർ മാത്രം; അവര്‍ക്കൊന്നിച്ച് പുത്തുമലയിൽ അന്ത്യവിശ്രമം, ഹൃദയഭേദകം വയനാട്, പ്രാർഥനകളോടെ ആൾക്കൂട്ടം – വീഡിയോ
പുത്തുമല: ‘അസ്ഥിരമല്ലോ ഭുവനുവുമതിലെ, ജഡികാശകളും നീർപ്പോളകൾ പോലും, എല്ലാമെല്ലാം മാഞ്ഞടിയുന്നു’ എന്ന് വൈദികൻ പാടിയപ്പോൾ അവിടെ കണ്ണീരൊഴുക്കാൻ ആരുമുണ്ടായില്ല. വയനാട്ടിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഭൂമിയിൽ നിരത്തിക്കുത്തിയ കൂട്ടക്കുഴിമാടത്തിൽനിന്നു രണ്ടു ദിവസമായി മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകളാണ് ഉയരുന്നത്. മരിച്ചുകിടക്കുന്നത് ആരെന്നോ അവർക്കുവേണ്ടി കരയേണ്ടവർ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാത്ത അവസ്ഥ. ഇവിടെ കുഴിമാടങ്ങൾക്കും മൃതദേഹങ്ങൾക്കും പേരില്ല, അവർ അക്കങ്ങളിൽ രേഖപ്പെട്ടിരിക്കുന്നു.
.
ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി മൃതദേഹം തിരിച്ചറിഞ്ഞാൽ കണ്ടെത്തുന്നതിനാണ് നമ്പർ ഇടുന്നത്. തിരിച്ചറിയാത്ത 8 മൃതദേഹങ്ങൾ ഞായറാഴ്ച അടക്കിയിരുന്നു. തിങ്കളാഴ്ച 27 പേരെയും. തൊട്ടടുത്ത കുഴികളിൽ അടക്കം ചെയ്തത് അച്ഛനെയും മകനെയും ആകാം. അമ്മയെയും മകളെയും ആകാം. സുഹൃത്തുക്കളെയാകാം, സഹോദരങ്ങളെയാകാം. മരിച്ചതാരെന്നു പോലും അറിയാൻ സാധിക്കാത്തവിധം ഉരുൾക്കലി, ഒരു കട്ടിലിൽ കിടന്നുറങ്ങിയവരെപ്പോലും ചിതറിച്ചുകളഞ്ഞു. അവരെയെല്ലാം പലയിടത്തുനിന്നായി പെറുക്കിക്കൂട്ടി ഒരിടത്ത് അടക്കം ചെയ്യുകയാണ്.
.
#WATCH | Kerala | Mass burial of the mortal remains of the unidentified people who lost their lives in the Wayanad landslide was held by the District Administration in Puthumala, earlier today. pic.twitter.com/M4IDqpUnGG
— ANI (@ANI) August 5, 2024
.
2019ൽ ഉരുൾപൊട്ടലിൽ നിരവധിപ്പേർ മരിച്ച പുത്തുമലയിലാണു കൂട്ടക്കുഴിമാടങ്ങൾ. 200 കുഴിമാടങ്ങളാണ് തയാറാക്കിയത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നു സംസ്കരിക്കും. സർവമത പ്രാർഥനയോടെയാണു ചടങ്ങുകൾ. മഴയ്ക്കിടയിലും വലിയ ആൾക്കൂട്ടവും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി. കുഴികളിൽ വെള്ളം വീഴാതിരിക്കാൻ സന്നദ്ധ പ്രവർത്തകർ ടാർപോളിൻ പിടിച്ചു. മരിച്ചതാരെന്ന് അറിയില്ലെങ്കിലും ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പ്രിയപ്പെട്ടവർക്കായി ആൾക്കൂട്ടം പ്രാർഥിച്ചു.
.
ജൂലൈ 30 ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നാനൂറോളം പേരാണ് മരിച്ചത്. തിരച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞില്ലെങ്കിൽ അജ്ഞാത മൃതദേഹമായി കണ്ട് സംസ്കരിക്കാമെന്നിരിക്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ദിവസം കാത്തിരുന്നത്.
.
ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ഇന്നും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഏഴാം ദിവസവും മുണ്ടക്കൈയിൽ കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.
.
ബെയ്‍ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിലാണ് തുടരുന്നത്. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്.