രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതി അടിച്ചുതകര്‍ത്ത് പ്രക്ഷോഭകർ; പാർലമെൻ്റ് കയ്യേറി, എം.പിമാരുടെ കസേരകളിൽ ഇരുന്നും മുദ്രാവാക്യം വിളി – വീഡിയോ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ  അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ അവരുടെ ഔദ്യോ​ഗിക വസതി മുതൽ പാർലമെന്റ് വരെ കലാപകാരികൾ കൈയ്യേറി.

.


.
രണ്ടു വർഷം മുൻപ് ശ്രീലങ്കയിൽ കണ്ട അതേ കാഴ്ചകളാണ് ഓഗസ്റ്റ് 5ന് ബംഗ്ലദേശിലും അരങ്ങേറിയത്. 2022 ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അവിടെ തയാറാക്കിയിരുന്ന ഭക്ഷണം അതിക്രമിച്ച് കഴിക്കുകയും വസതിയിലുണ്ടായിരുന്ന മയിലിനെവരെ കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് സൈന്യം താൽക്കാലികമായി നിയന്ത്രണമേറ്റതോടെ സമാന കാഴ്ചയാണ് ബംഗ്ലദേശിലുമുണ്ടായത്. ഹസീനയുടെ ഔദ്യോഗിക വസതിയായ ഗാനഭബനിൽ പ്രക്ഷോഭകർ കൈയറി ഭക്ഷണം കഴിക്കുന്നതിന്റെയും വസതി നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
.


.
ഹസീനയുടെ വസതിയായ ഗാനഭബനിൽ കടന്നുകയറിയ പ്രക്ഷോഭകർ അവരുടെ കട്ടിലിൽ കിടക്കുന്നതും വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
.


.
ബം​ഗ്ലാദേശ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയവർ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നൂറുകണക്കിന് പേരാണ് പാർലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്. ജനക്കൂട്ടം എം.പിമാരുടെ കസേരകളിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാർലമെന്റിനുള്ളിൽ ഇവർ ബഹളം വയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
.


.

കർഫ്യൂ ലംഘിച്ച് തലസ്ഥാനമായ ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചുകയറുകയായിരുന്നു. ഇതിന് പുറമെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവും മുൻ ബംഗ്ലാദേശ് പ്രസിഡന്റുമായ ശൈഖ് മുജീബുർ റഹ്മാൻ പ്രതിമയും ജനക്കൂട്ടം തകർത്തു. ഇതിന്റെ വീഡിയോയും പുറത്ത് വന്നു.
.


.
രാജി വെച്ചതിന് പിന്നാലെ ധാക്കയുടെ തെരുവുകളിൽ പ്രക്ഷോഭകർ പതാകകൾ വീശി ആഹ്ലാദപ്രകടനം നടത്തി. ഹസീന രാജ്യം വിട്ടതിന് പിന്നാലെ ധാക്കയിൽ കവചിത വാഹനങ്ങളുമായി സൈനികരും പൊലീസും ഹസീനയുടെ ഓഫീസിലേക്കുള്ള വഴികൾ മുള്ളുവേലി ഉപയോഗിച്ച് തടഞ്ഞിരുന്നു.എന്നാൽ ജനക്കൂട്ടം അതെല്ലാം തകർത്ത് മുന്നേറുകയായിരുന്നുവെന്നും 400,000 പ്രതിഷേധക്കാർ തെരുവിലുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
.


.


.

.

സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ട ഹസീന ഇന്ത്യയിലെത്തിയെന്നും ഇവിടെനിന്ന് ലണ്ടനിലേക്ക് കടക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വക്കറുസ്സമാൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരി​കെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി.

.

Share
error: Content is protected !!