ഉളളം നുറുങ്ങിയ വേദനയോടെ അവർക്ക് ജന്മനാട് യാത്രാമൊഴിയേകി; ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം

കൽപ്പറ്റ: ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ 8 പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങളാണ് ഒരുമിച്ച് പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ സംസ്കരിച്ചത്. ഇനിയും ഉൾക്കൊളളാൻ കഴിയാത്ത ദുരന്തം കവർന്നവരെ കണ്ണീരോടെ നാട് യാത്രയാക്കി.
.
മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് പുത്തുമലയിൽ ഇവരെ കാത്തിരുന്നത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
.


.
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരിൽ എട്ട് പേരെയാണ് ഒരേ മണ്ണിൽ അടക്കം ചെയ്തത്. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സർവമതപ്രാർത്ഥനയിലും പങ്കെടുത്തത്. ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു..
.
ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരായ ഒ.ആർ.കേളു, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, ടി.സിദ്ധിഖ് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
.
കർമ്മങ്ങൾക്കായി മൃതദേഹങ്ങൾ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് കൊണ്ടുവരുന്നു.


.
ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളാണ് ലഭിച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒടുവിൽ തീരുമാനമായി. പുത്തുമലയിൽ  കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.  64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.
.

.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുൻപായി ഇന്‍ക്വസ്റ്റ്– പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു. പൊലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കൂ. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കും.
.
തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലും സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍നിന്നും നിലമ്പൂരില്‍നിന്നുമായി രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരില്‍നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗം ലഭിച്ചു. ഇതുവരെ 369 പേർ മരിച്ചെന്നാണു കണക്ക്. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാംപുകളിലായി 8246 പേരുണ്ട്.
.

Share
error: Content is protected !!