ദേശീയപാത കേന്ദ്രീകരിച്ച് വന്‍ കൊള്ള; കേരളത്തിലെ കുപ്രസിദ്ധ ഹൈവേ കവര്‍ച്ചാസംഘം പിടിയിൽ

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വന്‍ കൊള്ള നടത്തുന്ന സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ്സംഘം പിടികൂടി. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില്‍ കനകാംബരന്‍ (38), ചാലക്കുടി കൊന്നക്കുഴി സ്വദേശിയും ഇപ്പോള്‍ പാലക്കാട് കിഴക്കഞ്ചേരിയില്‍ താമസിക്കുന്നയാളുമായ ഏരുവീട്ടില്‍ ജിനീഷ് (41), അതിരപ്പിള്ളി വെറ്റിലപ്പാറ പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ(42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനിവീട്ടില്‍ ഫൈസല്‍ (34),വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ സതീശന്‍ (48) എന്നിവരെയാണ് മുംബൈ പാല്‍ഘര്‍ സി.ബി.സി.ഐ.ഡി.യുടെ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.
.
ജൂലായ് 10-ന് ഗുജറാത്ത് രാജ്‌കോട്ടിലെ വ്യവസായി റഫീക് സെയ്തിന്റെ 73 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ചുവെന്ന കേസിലാണ് അറസ്റ്റ്. റഫീക് സെയ്ത് കാറില്‍ ഡ്രൈവറോടൊത്ത് മുംബൈയ്ക്കു വരുമ്പോഴാണ് പണം കൊള്ളയടിച്ചത്. പാല്‍ഘര്‍ ജില്ലയില്‍ മുംബൈ-അഹമ്മദാബാദ് ദേശീപാതയില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. കാറിലെത്തിയ സംഘം വാഹനം തടഞ്ഞ് ചില്ലു തകര്‍ത്ത് യാത്രികരെ മര്‍ദിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു. കാര്‍ പിന്നീട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണസംഘം അക്രമികളുടെ വാഹനനമ്പറുകള്‍ കണ്ടെത്തിയെങ്കിലും അത് വ്യാജമായിരുന്നു. തുടര്‍ന്ന് ദേശീയപാതകളില്‍ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് കേരളത്തിലെത്തിയത്. നേരത്തേ സേലം കേന്ദ്രീകരിച്ച് കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതികളെക്കുറിച്ച് ചാലക്കുടി പോലീസിന് വിവരമുണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ചാലക്കുടി പോലീസിനെ കാണിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
.
73 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് ഉടമ പരാതിപ്പെട്ടിരുന്നതെങ്കിലും ഏഴു കോടി രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് ചാലക്കുടി പോലീസിനു കിട്ടിയ വിവരം. കവര്‍ച്ചസംഘത്തിലെ കൂട്ടാളികളാണ് ഈ പണം കൊണ്ടുപോയതെന്നാണ് അറസ്റ്റിലായവര്‍ പോലീസിനോടു പറഞ്ഞത്. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.
.

Share
error: Content is protected !!