റിയാദ്: ലെബനാനിലുള്ള സൗദി പൗരന്മാരോട് ഉടൻ ലെബനാൻ വിട്ട് പോകണമെന്ന് സൗദി അറേബ്യൻ എംബസി ആവശ്യപ്പെട്ടു. ലെബനാനിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയതിന് പിറകെയാണ് സൗദി പൗരന്മാരോട് ലെബനാൻ വിടാൻ നിർദ്ദേശം നൽകിയത്.
.
ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക കമാൻഡർ ഫുവാദ് ഷുക്കറിന്റെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെയും കൊലപാതകത്തിന് പിന്നാലെ ലെബനാനിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത വർധിച്ച സാഹചര്യത്തിലാണ് രാജ്യം വിടാൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയത്. തെക്കൻ ലെബനാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായിനിരീക്ഷിച്ച് വരികയാണെന്നും സൗദി എംബസി വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഉടൻ എംബസിയുമായി ബന്ധപ്പെടണമെന്നും പൌരന്മാരോടഭ്യർത്ഥിച്ചു.
.
ഇറാനും അവരുടെ കൂട്ടാളികളും തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായി ആക്‌സിയോസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനിലെ ബെയ്‌റൂത്തില്‍വെച്ച് ചൊവ്വാഴ്ചയാണ് ഷുക്‌റിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് 24 മണിക്കൂര്‍ തികയും മുന്‍പേ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍വെച്ച് ഹനിയ്യയും കൊല്ലപ്പെട്ടു. അതേസമയം ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടുമില്ല.
.
സംഘര്‍ഷസാധ്യതയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കുമെന്ന് യു.എസ്. വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ലെബനനില്‍നിന്ന് എത്രയും വേഗം മടങ്ങണമെന്ന് യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ജോർദാൻ എന്നീ എംബസികളും തങ്ങളുടെ പൌരന്മാരോട് ആവശ്യപ്പെട്ടു. പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. എങ്കിലും ലഭ്യമാകുന്ന ഏത് ടിക്കറ്റെടുത്തും രാജ്യം വിടണമെന്നാണ് പൌരന്മാർക്ക് യുഎസും യുകെ നിർദ്ദേശം നൽകിയിരിക്കുന്നത്.