9 മണിക്കൂർ കാത്തിരുത്തിയശേഷം സ്പൈസ് ജെറ്റ് വിമാനം റദാക്കി; നെടുമ്പാശേരി വിമാനത്താവളത്തിൽ വലഞ്ഞ് ഗൾഫ് യാത്രക്കാർ

കൊച്ചി: ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടർന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തിൽ വൻ ബഹളമായത്. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
.
സാങ്കേതിക പ്രശ്നമാണു വിമാനം റദാക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തിൽ‌ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു സ്പൈസ് ജെറ്റ് അധികൃതരുടെ മറുപടി. ടിക്കറ്റ് റദാക്കിയാൽ റീഫണ്ടാകാൻ ഏഴുദിവസമാണു സമയമെടുക്കുക.
.
വിമാനം വൈകുമെന്നും പുലർ‌ച്ചെ മൂന്നു മണിയോടെ പുറപ്പെടുമെന്നും ചില യാത്രക്കാർക്കു സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ചെക്ക്–ഇൻ പൂർത്തിയാക്കി യാത്രക്കാർ നേരം പുലരുന്നതുവരെ കാത്തുനിൽക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെയോടെ വിമാനം റദാക്കിയതായി അധികൃതർ അറിയിച്ചത്.
.

Share
error: Content is protected !!