യുവാവിൻ്റെ കെണിയില്‍വീണത് 50-ഓളം സ്ത്രീകള്‍, തട്ടിയത് ലക്ഷങ്ങള്‍, ലൈംഗിക ചൂഷണം; യുവാവിനെ വലയിലാക്കി വനിതാ പോലീസിൻ്റെ ‘സൗഹൃദം’

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ചൂഷണംചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിയായ സത്യജിത് മനഗോബിന്ദ് സാമാല്‍(34) എന്നയാളെയാണ് ഭുവനേശ്വര്‍ പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടുവര്‍ഷത്തിനിടെ അന്‍പതോളം സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഇരകളായ രണ്ട് സ്ത്രീകളുടെ പരാതിയിലാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
.
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹവാഗ്ദാനം നല്‍കിയാണ് സത്യജിത് യുവതികളെ കബളിപ്പിച്ചിരുന്നത്. വിവാഹമോചിതരായി വീണ്ടും വിവാഹാലോചനകള്‍ നോക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
.

പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇന്റലിജന്‍സ് ബ്യൂറോയിലാണ് ജോലിയെന്നുമാണ് മാട്രിമോണിയല്‍ പ്രൊഫൈലില്‍ പ്രതി അവകാശപ്പെട്ടിരുന്നത്. പിന്നാലെ സ്ത്രീകളുമായി ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിക്കും. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിക്കും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യും. പലതവണകളായി വന്‍തുക കടമായി വാങ്ങുകയുംചെയ്യും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി പണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് വന്‍തുകകള്‍ സ്ത്രീകളില്‍നിന്ന് തട്ടിയെടുത്തിരുന്നത്. എന്നാല്‍, സ്ത്രീകള്‍ പണം തിരിച്ചുചോദിച്ചാല്‍ നേരത്തെ പകര്‍ത്തിയ സ്വകാര്യവീഡിയോ പ്രചരിപ്പിക്കുമെന്നും കേസില്‍ കുടുക്കുമെന്നും പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പോലീസ് പറഞ്ഞു.
.

.
പരാതി നല്‍കിയത് രണ്ട് സ്ത്രീകള്‍…

ഇക്കഴിഞ്ഞ ഫെബ്രുവരി 26-നാണ് സത്യജിത്തിനെതിരേ ഭുവനേശ്വര്‍ പോലീസില്‍ ആദ്യപരാതിയെത്തുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും പലതവണകളായി 36 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതിനുപുറമേ പുതിയ കാര്‍ പ്രതിക്ക് വാങ്ങിനല്‍കിയതായും പരാതിയിലുണ്ടായിരുന്നു. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് യുവതി ഇത്രയുംതുക സത്യജിത്തിന് നല്‍കിയത്. തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
.
സത്യജിത്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു മറ്റൊരു യുവതിയുടെ പരാതി. സമാനരീതിയില്‍ പരിചയം സ്ഥാപിച്ച് ലൈംഗികമായി ചൂഷണംചെയ്‌തെന്നും പണം കൈക്കലാക്കിയെന്നുമായിരുന്നു ഈ യുവതിയുടെയും പരാതിയിലുണ്ടായിരുന്നത്.
.

പോലീസ് അന്വേഷണം….

യുവതികളുടെ പരാതി ലഭിച്ചതോടെ പോലീസ് സത്യജിത്തിന്റെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. പ്രൊഫൈല്‍വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ഏകദേശം അന്‍പതോളം യുവതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പരാതിക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പുറമേ ഇയാളുടെ തട്ടിപ്പിനിരയായ ഒഡീഷയ്ക്ക് പുറത്തുള്ള മറ്റുരണ്ട് സ്ത്രീകളെയും പോലീസ് തിരിച്ചറിഞ്ഞു. ഈ നാല് സ്ത്രീകളുമായും സത്യജിത് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
.

.

മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥ കെണിയൊരുക്കി, പ്രതി കുടുങ്ങി…

സത്യജിത്തിന്റെ തട്ടിപ്പുരീതികള്‍ മനസിലാക്കിയതോടെ അതേവഴിയില്‍ തന്നെ ഇയാളെ വലയിലാക്കാനായിരുന്നു പോലീസിന്റെ നീക്കം. ഇതിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പങ്കാളിയെ തേടാനെന്ന വ്യാജേന മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പ്രൊഫൈലുണ്ടാക്കി. തുടര്‍ന്ന് സത്യജിത്തുമായി സൗഹൃദം സ്ഥാപിച്ചു. ചാറ്റിങ് നീണ്ടതോടെ ഇയാളുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം പോലീസ് ഉദ്യോഗസ്ഥ ചോദിച്ച് മനസിലാക്കി. ഈ വിവരങ്ങളെല്ലാം കിട്ടിയതോടെ പ്രതിക്കായി പോലീസ് വലവിരിക്കുകയും ഇയാളെ ഭുവനേശ്വറിലെ വീട്ടില്‍നിന്ന് കൈയോടെ പിടികൂടുകയുമായിരുന്നു.
.
ഭുവനേശ്വറില്‍ സമ്പന്നരും ഉന്നതരും താമസിക്കുന്ന മേഖലയിലാണ് സത്യജിത്തും താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ആഡംബരജീവിതമാണ് നയിച്ചിരുന്നത്. ഇടയ്ക്കിടെ ദുബായില്‍ പോകുന്നതും പതിവായിരുന്നു. സ്ഥിരമായ ഇടവേളകളില്‍ ദുബായ് യാത്ര നടത്തുന്നതിനാല്‍ പ്രതിയെ പിടികൂടാന്‍ അല്പം താമസം നേരിട്ടതായും പോലീസ് പറഞ്ഞു.
.

കാറുകള്‍ വാങ്ങിക്കൂട്ടി, മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തു..

സ്ത്രീകളില്‍നിന്ന് തട്ടിയെടുക്കുന്ന പണം കൊണ്ട് പ്രതി കാറുകള്‍ വാങ്ങിക്കൂട്ടിയതായാണ് പോലീസ് പറയുന്നത്. ഈ കാറുകള്‍ ടാക്‌സി സര്‍വീസിനായി ലീസിന് നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഇയാളില്‍നിന്ന് 2.1 ലക്ഷം രൂപയും ഒരു കാറും ഒരു ബുള്ളറ്റ് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കൈത്തോക്കും പ്രതി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് വിവാഹസര്‍ട്ടിഫിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇയാളുടെ മൊബൈല്‍ഫോണില്‍നിന്ന് നിരവധി സ്വകാര്യവീഡിയോകളും ചാറ്റുകളും പോലീസ് കണ്ടെടുത്തതായാണ് വിവരം.
.

Share
error: Content is protected !!