കിട്ടുന്ന വിമാനത്തിൽ ഉടൻ ലെബനൻ വിടണം; പൗരന്മാർക്ക് അടിയന്തിര നിർദ്ദേശം നൽകി യുഎസും, യുകെയും, ജാഗ്രത നിർദ്ദേശവുമായി ഇന്ത്യയും

ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരോട് ലെബനൻ വിടാൻ നിർദേശിച്ച് യുഎസും യുകെയും. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശം. ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. (ചിത്രം: ഇസ്മയിൽ ഹനിയ്യ, ഫുആദ് ഷുക്കൂർ, ഖാസിം സുലൈമാനി എന്നിവരുടെ ഛായാചിത്രങ്ങൾ പതിച്ച പരസ്യബോർഡ്)
.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെ വധത്തെത്തുടർന്ന്‌ സംഘർഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയും പൗരന്മാരോട് ജാ​ഗ്രത പുലർത്താൻ നിർദേശം നൽകിയിരുന്നു. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണത്തിന് ഇറാനും, ഹിസ്ബുല്ലയും തയ്യാറെടുക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജ്യം വിടാൻ പൌരന്മാർക്ക് നിർദേശം നൽകിയത്.
.
ജൂലായ് 31-നായിരുന്നു ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയിൽ ഹനിയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ കൊല്ലപ്പെട്ടത്. ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഫുആദ് ഷുക്കൂറിനെ ഇസ്രയേൽ വധിച്ച് 24 മണിക്കൂറിനകമായിരുന്നു ഹനിയെയുടെ കൊലപാതകം.
.
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം യുഎസ് പിന്തുണയോടെ ഇസ്രയേല്‍ പദ്ധതിയിട്ട് നടപ്പാക്കിയതാണെന്നാണ് ഇറാൻ്റെ ആരോപണം. ഹനിയെയുടെ കൊലപാതകം എങ്ങനെ നടന്നുവെന്ന് സംബന്ധിച്ച് ഇറാന്‍ സൈന്യം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പിലാണ് യുഎസിനെതിരെ ആരോപണമുള്ളത്.  പ്രാദേശികസമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍വെച്ചാണ് ഹനിയെ കൊല്ലപ്പെട്ടത്.
.

ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മൊറോക്കോയിൽ നടന്ന റാലി

.
ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുനിന്ന് വിക്ഷേപിച്ച ഒരു ഹ്രസ്വദൂര പ്രൊജ്കടൈല്‍ (ഒരുതരം മിസൈല്‍) ഉപയോഗിച്ചാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയെയുടെ വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
.
ഹനിയ്യയുടെ രക്തത്തിന് പ്രതികാരംചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഇറാന്‍ സൈന്യം ‘തീവ്രവാദ സയണിസ്റ്റ് ഭരണകൂടം’ അനുയോജ്യമായ സമയത്തും രീതിയിലും കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മസൂദ് പെസെഷ്‌കിയാന്‍ ഇറാന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്. ആക്രമണത്തില്‍ ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഹനിയ്യയുടെ കൊലയ്ക്ക് ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി പറഞ്ഞു. ഇറാന്റെ മണ്ണില്‍ ചിന്തിയ ഹനിയ്യയുടെ രക്തത്തിന് പകരംചോദിക്കുകയെന്നത് തങ്ങളുടെ കര്‍ത്തവ്യമാണന്നും ഖമീനി പറയുകയുണ്ടായി. ഇതിൻ്റെ തുടർച്ചയായാണ് ഇസ്രായേൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കിട്ടുന്ന വിമാനത്തിൽ രാജ്യം വിടാൻ യുഎസും യുകെയും പൌരന്മാർക്ക് നിർദേശം നൽകിയത്.
.

എന്നാൽ ഇറാന്റെ ഭീഷണികള്‍ക്കിടെ ഇസ്രയേലിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ യുദ്ധകപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ടെന്ന് യുഎസ് അറിയിച്ചു. അതേസമയം, ഹനിയെ താമസിക്കുന്ന ടെഹ്‌റാനിലെ വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ ചാരസംഘടനായ മൊസാദ് ഇറാന്‍ സൈന്യത്തിലെ ചില ഏജന്റുമാരെ നിയോഗിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ അടക്കം ഇറാന്‍ ഹനിയെയുടെ മരണത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
.
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മെയ് മാസത്തില്‍ ടെഹ്റാനിലെത്തിയപ്പോള്‍ ഹനിയെയെ വധിക്കാനായിരുന്നു ആദ്യം മൊസാദ് പദ്ധതിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ ധാരാളം ആളുകള്‍ ഉള്ളതിനാലും പരാജയപ്പെടാനുള്ള സാധ്യത കൂടുതലായതിനാലും ആ പദ്ധതി ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

.

Share
error: Content is protected !!