ഇറാനിൽ ആരും അറിയാതെ 2 മൊസാദ് ഏജൻ്റുമാർ, 3 മുറികളിൽ ബോംബ്; ഹനിയയെ വധിച്ചത് ഇങ്ങനെ

ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രയേൽ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. ഇസ്രയേൽ നിയോഗിച്ച രണ്ട് ഇറാൻ ഏജന്റുമാർ ഇസ്മായിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു മുറികളിൽ ബോംബ് സ്ഥാപിച്ചതായി ഇറാനിയൻ ഉദ്യോഗസ്ഥർ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
.
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇസ്മായിൽ ഹനിയയെ മൊസാദ് വധിക്കുന്നത്. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ ആക്രണത്തിന് ഇസ്രയേൽ പദ്ധതിയിട്ടത്. വലിയ ജനക്കൂട്ടമുള്ളതിനാൽ പദ്ധതി ഉപേക്ഷിച്ചു. വലിയ ജനക്കൂട്ടത്തിനിടയിൽ ആക്രമണ പദ്ധതി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് രണ്ട് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
.
ഇതിനു പിന്നാലെ പദ്ധതി പരിഷ്ക്കരിച്ചു. ഇറാനിൽ ഇസ്രയേലിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ ഈസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിൽ മൂന്ന് മുറികളിൽ ബോംബുകൾ സ്ഥാപിച്ചു. വിശിഷ്ട അതിഥികൾ താമസിക്കുന്ന സ്ഥലമായതിനാലാണ് ഈ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുത്തത്. മൊസാദിന് ലെബനനിലും സിറിയയിലും ഇറാനിലും പാലസ്തീനിലും അടക്കം നിരവധി രാജ്യങ്ങളിൽ ചാരൻമാരുണ്ട്. ഔദ്യോഗിക രഹസ്യങ്ങളും നേതാക്കളുടെ നീക്കങ്ങളും നിരീക്ഷിച്ച് ഇസ്രയേലിന് വിവരങ്ങൾ കൈമാറുന്നത് ഇവരാണ്. വിദൂര നിയന്ത്രിത ഉപകരണം ഉപയോഗിച്ചാണ് ഇസ്മയിൽ ഹനിയയുടെ മുറിയിൽ സ്ഫോടനം നടത്തിയത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇറാൻ അന്വേഷണം ആരംഭിച്ചു.
.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ

.
അതിനിടെ, ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേരെ ഇറാൻ അറസ്റ്റു ചെയ്തു. തലസ്ഥാനമായ തെഹ്‌റാനിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരും സൈനികരും അറസ്റ്റിലായവരിൽ ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹനിയ്യയെ കൊലപ്പെടുത്താൻ ഇറാൻ റവല്യൂഷണറി ഗാർഡുകളെ മൊസാദ് വിലയ്‌ക്കെടുത്തതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്തിരുന്നു.
.
വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചില്ല. വടക്കൻ ടെഹ്റാനിൽ ഹനിയ താമസിച്ച കെട്ടിടത്തിൽ ജൂലൈ 30ന് പുലർച്ചെ 2 ന് ആയിരുന്നു ആക്രമണം. സുരക്ഷാഗാർഡും കൊല്ലപ്പെട്ടു. ഏപ്രിലിൽ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഹനിയയുടെ 3 ആൺമക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലേ പശ്ചിേമഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തിപ്പെടുത്തി.

.

40 ഓളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ഹനിയ്യയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്ന് നാൽപ്പത് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് ഇസ്രായേൽ ഭരണകൂടത്തിന്‍റെ നിര്‍ദേശം. ഏറിയും കുറഞ്ഞും സുരക്ഷാഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിയന്ത്രണമുള്ളത്. സഞ്ചാരം അത്യാവശ്യമായി വന്നാൽ മുൻകരുതൽ സ്വീകരിക്കണമെന്നും ജൂത-ഇസ്രായേൽ വ്യക്തിത്വമുള്ള ഒരടയാളവും പ്രദർശിപ്പിക്കരുത് എന്നും സർക്കാർ ആവശ്യപ്പെട്ടു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെയാണ് ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.
.

‘ഈയിടെയുണ്ടായ സംഭവങ്ങൾക്ക് പിന്നാലെ, ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ സ്ട്രാറ്റജിക് യൂണിറ്റ് തലവൻ ഫുആദ് ഷുക്‌റിന്റെയും മരണത്തിന് പ്രതികാരം വീട്ടുമെന്ന് ഇറാൻ, ഹിസ്ബുല്ല, ഹമാസ് എന്നിവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനും അതിന്റെ നിഴൽ സംഘടനകളും എംബസികൾ, സിനഗോഗുകൾ, ജൂത കമ്യൂണിറ്റി സെന്ററുകൾ തുടങ്ങി വിദേശത്തുള്ള ജൂത കേന്ദ്രങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഛബാദ് ഹൗസ്, കോഷർ റസ്റ്ററൻഡുകൾ, ഇസ്രായേലി വ്യാപാരസ്ഥാപനങ്ങൾ എന്നിവയും ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ട്.’- എന്നാണ് ദേശീയ സുരക്ഷാ കൗൺസിൽ ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
.
പൊതുസ്ഥലങ്ങളിൽ ജാഗ്രതയോടെ ഇരിക്കണമെന്നും വ്യക്തിത്വം പ്രദർശിപ്പിക്കരുതെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ‘പൊതുസ്ഥലങ്ങളിൽ അതീവ ജാഗ്രത കാണിക്കണം. ഇസ്രായേൽ-ജൂത അസ്തിത്വം ഇവിടങ്ങളിൽ പ്രദർശിപ്പിക്കരുത്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷയില്ലാത്ത വലിയ പരിപാടികളിൽ പങ്കെടുക്കരുത്. പ്രതിഷേധങ്ങളുടെ ഭാഗമാകുകയും അരുത്’ – കൗൺസിൽ വ്യക്തമാക്കി.
.
ചൊവ്വാഴ്ചയാണ് ഫുആദ് ഷുക്‌റിനെ ഇസ്രായേൽ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്ച പുലർച്ചെ ഹനിയ്യയെയും വകവരുത്തി. ഇറാൻ പ്രസിഡണ്ട് മസൂദ് പെസേഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്‌റാനിലെത്തിയ വേളയിലാണ് ഹനിയ്യയെ കൊലപ്പെടുത്തിയത്. ഹനിയ്യയെ സയണിസ്റ്റുകൾ ചതിപ്രയോഗം നടത്തി ക്രൂരമായി കൊന്നു എന്നാണ് ഹമാസ് പ്രതികരിച്ചിട്ടുള്ളത്.
.

Share
error: Content is protected !!