തിരച്ചിലിൻ്റെ നാലാംദിനം വയനാട്ടിൽനിന്ന് സന്തോഷവാർത്ത; തകർന്ന വീട്ടിനുള്ളിൽ കുടുങ്ങി കിടന്ന നാലുപേരെ ജീവനോടെ രക്ഷിച്ച് സൈന്യം, എയർലിഫ്റ്റ് ചെയ്യും
കൽപറ്റ: വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. നാല് പേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു. 2 പുരുഷൻമാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ഇതിലൊരു പെൺകുട്ടിക്ക് കാലിനു പരുക്കുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്ത് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിക്കും. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നെന്നു സൈന്യം അറിയിച്ചു. വയനാട്ടിൽ നാലാം ദിനം തുടരുന്നതിനിടെയാണ് സന്തോഷ വാർത്ത. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
.
കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം കണ്ടെത്തിയത്. പടവെട്ടിക്കുന്നിലെ ബന്ധു വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഇവർ.ജോമോൾക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാലു പേരെയും വ്യോമമാർഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി കരസേന അറിയിച്ചു. ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വ്യക്തമാക്കുന്നത്.
.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്. സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളിൽ 2328 പേരുണ്ട്.
.