ഉരുള്‍പൊട്ടലില്‍ കാട്ടിലകപ്പെട്ട് നാല് കുഞ്ഞുങ്ങള്‍; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

മേപ്പാടി: മുണ്ടക്കൈയ്യിലുണ്ടായ ഉരുൾപൊട്ടലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ. കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണവും വെള്ളവും കിട്ടാതെ അട്ടമലയിൽ കാട്ടിൽ കുടുങ്ങിക്കിടന്ന കുട്ടികൾ അടക്കമുള്ള കുടുംബത്തെ അതിസാഹസികമായി രക്ഷിച്ചത്. ആദിവാസിയായ കൃഷ്ണന്‍ എന്നയാളുടെ നാലു കുട്ടികളെയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറപ്പൊത്തില്‍ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവരിൽ മൂന്നു കുട്ടികൾ ഇപ്പോൾ വനംവകുപ്പിന്‍റെ കാംപ് ഷഡ്ഡിലാണുള്ളത്.
.
കുട്ടികളുടെ അമ്മയെ വനത്തിൽ കണ്ടതോടെയാണ് കുടംബം വനത്തിൽ ഒറ്റപ്പെട്ട കാര്യം അറിയുന്നതെന്ന് കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖ് പറഞ്ഞു. അമ്മയിൽനിന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റു കുട്ടികളെ വെള്ളച്ചാട്ടത്തിന് പരിസരത്ത് പാറപ്പൊത്തിൽ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചുനിന്ന കുട്ടികളെ ഉദ്യോഗസ്ഥര്‍ നെഞ്ചോടുചേര്‍ത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
.

രാവിലെ പത്ത് മണിയോടുകൂടി ഏറാട്ടുകുണ്ട് കോളനിയിലേക്ക് പോകുകയായിരുന്നു തങ്ങളുടെ സംഘമെന്ന് കൽപറ്റ റേഞ്ച് ഓഫീസർ പറഞ്ഞു. ‘ആ സമയം കാട്ടില്‍ വെച്ച് അമ്മയേയും ഒരുകുട്ടിയെയും ഒറ്റപ്പെട്ട നിലയിൽ കണ്ടു. ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു ഇവർ. തത്കാലം ഞങ്ങളുടെ കയ്യിലുണ്ടായ ഭക്ഷണം കൊടുത്തു. അട്ടമല ഭാഗത്തെ എസ്‌റ്റേറ്റില്‍ താമസിപ്പിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ടുപോയ കുട്ടികളെ തേടി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്ക് പോയത്’.
.
സാഹസികമായിരുന്നു കുട്ടികളെ തേടിയുള്ള യാത്രയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉരുൾപൊട്ടലും കനത്ത മഴയും മൂലം വഴിയെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. പല ഭാഗത്തും തകർന്നിരുന്നു. വെള്ളച്ചാട്ടമുണ്ട്. കൊടുംകാടാണ്. കുത്തനെയിറക്കമാണ്. പോകാന്‍ ബുദ്ധിമുട്ടാണ്. നാലുമണിക്കൂറെടുത്തു എത്തിച്ചേരാൻ.

റോപ്പ് ഉപയോഗിച്ച് അതിസാഹസികമായി ഇറങ്ങി നാലുമണിക്കൂറെടുത്താണ് സ്ഥലത്തെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് പാറപ്പൊത്തിനുള്ളിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കണ്ട ഉടനെ തങ്ങള്‍ വാരിയെടുത്തു. കയ്യിലുണ്ടായിരുന്ന ബിസ്‌കറ്റും ബ്രഡ്ഡും കൊടുത്തു. കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റ് മൂന്ന് കഷ്ണമാക്കി കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് കെട്ടി മാറി മാറി എടുത്താണ് കനത്ത മഴയ്ക്കിടെ കാംപ് ഷെഡ്ഡിലെത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
.

കൃഷ്ണനും ഭാര്യയും നാല് കുട്ടികളും കനത്ത മഴയിൽ പാറപ്പൊത്തിനുള്ളില്‍ അഭയം തേടിയതായിരുന്നു. ഉരുള്‍പൊട്ടലുണ്ടായി, പുഴ കരകവിഞ്ഞ് മണ്ണും കല്ലുകളും വെള്ളവും കുത്തിയൊലിച്ചുവന്നത് ഇവർ കഴിഞ്ഞിരുന്ന പാറപ്പൊത്തിനു സമീപത്തുകൂടിയായിരുന്നു. സംശം തോന്നി മുകളിലോട്ട് കയറി 10 മീറ്റര്‍ മാറിനിന്നതുകൊണ്ട് ഇവർക്ക് ജീവൻ തിരിച്ചുകിട്ടി. ഇവര്‍ നേരത്തെ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് ഉരുള്‍പൊട്ടി പാറയും മണ്ണും വെള്ളവുമെല്ലാം ഒലിച്ചുവന്നു. ഒറ്റപ്പെട്ടുപോയ ഇവർക്ക് പിന്നീട് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മൂന്നു ദിവസം ഭക്ഷണം കഴിച്ചിരുന്നില്ല, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
.

ഒന്ന് മുതൽ നാല് വയസ്സുവരെ പ്രായമുള്ള നാല് കുട്ടികളാണ് ആദിവാസി ദമ്പതികൾക്ക് ഉള്ളത്. അമ്മ മൂന്ന് കിലോ മീറ്റര്‍ അകലെ എസ്‌റ്റേറ്റ് പാടിയിലാണ് ഇപ്പോഴുള്ളത്. അവരുടെകൂടെ ഒരു കുഞ്ഞുമുണ്ട്. അമ്മയ്ക്കും കുട്ടിക്കും ഭക്ഷണം നൽകിയിട്ടുണ്ട്. പുറംലോകവുമായി പരിചയിക്കാത്ത കുട്ടികളാണ് ഇവർ. അതിനാൽ തൽക്കാലം ഫോറസ്റ്റിന്‍റെ കാംപ് ഷെഡ്ഡിന് പുറത്ത് ഷെഡ് കെട്ടി ഇവരെ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. (കടപ്പാട്- മാതൃഭൂമി)
.

Share
error: Content is protected !!