തീരാനോവായി വയനാട്: മരണം 282; ചാലിയാറില്‍ ഇന്നും മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി, ശരീരങ്ങൾ ചിതറിയത് വെള്ളച്ചാട്ടങ്ങളിൽ വീണതിനാലെന്നു നിഗമനം

മുണ്ടക്കൈ (വയനാട്): കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 282 ആയി.  മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ പുനരാരംഭിച്ചു.  തിരയാൻ കൂടുതൽ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി യന്ത്രങ്ങൾ  മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം അന്തിമഘട്ടത്തിലാണ്. പുതിയ പാലം നിർമിക്കുന്നതുവരെ ബെയ്‌ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു.
.
ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തുനിന്ന് രണ്ടുമൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞരണ്ടുദിവങ്ങളില്‍ 100-ഓളം മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.
.
ബുധനാഴ്ചയും പോത്തുകല്ല് പ്രദേശത്തുനിന്ന് സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാസേനയും പോലീസും മറ്റും ചേർന്ന് ഇരുപതോളം മൃതദേഹങ്ങളും അതിലേറെ ശരീരഭാഗങ്ങളും കണ്ടെടുത്തതായി പോത്തുകല്ല് പഞ്ചായത്തംഗങ്ങളായ നാസർ, മുസ്തഫ, സലൂബ്, ഗോത്രവിഭാഗത്തിലെ സന്നദ്ധപ്രവർത്തകരായ കുട്ടൻ, ശശി, വെള്ളൻ, മധു, നിഖിൽ തുടങ്ങിയവർ പറഞ്ഞു.
.
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ട് ഒഴുകിയെത്തിയ നൂറോളം മൃതദേഹഭാഗങ്ങളാണ് രണ്ടുദിവസങ്ങളിലായി പോത്തുകല്ലിനടുത്തുള്ള ഏതാനും കിലോമീറ്റർ പ്രദേശത്തുനിന്നായി കണ്ടെടുത്തത്.
.
ചൂരൽമലപ്പുഴ എന്നും പുന്നപ്പുഴ എന്നും അറിയപ്പെടുന്ന ഈ പുഴ ഒഴുകുന്നവഴിയിൽ വനത്തിനുള്ളിൽ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. ഒരു കൈവഴിയിലാണ് പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം. മുണ്ടേരിയിലും പോത്തുകല്ലിലും നിലമ്പൂരിലുമായി വേറെയും ചെറിയ പുഴകൾ കൂടിച്ചേർന്നാണ് ചാലിയാറായി വലിയ പുഴയാകുന്നത്. വെള്ളച്ചാട്ടങ്ങളിൽ വീണും പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറിയുമാണ് മൃതദേഹങ്ങളേറെയും പൊട്ടിപ്പൊളിഞ്ഞുപോയതെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.
.
ഇരുട്ടുകുത്തിയിലെ മിറാക്കിൾ, വാണിയമ്പുഴയിലെ യുവവാണി തുടങ്ങിയ യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, തുടങ്ങി വിവിധ കോളനികളിലെ ഗോത്രവിഭാഗക്കാർ, പ്രദേശത്തെ യുവാക്കൾ തുടങ്ങിയവരാണ് രണ്ടുദിവസവും മൃതദേഹങ്ങൾ തിരയാൻ മുന്നിട്ടിറങ്ങിയത്. പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് തുടങ്ങി എല്ലാ സർക്കാർ സംവിധാനങ്ങളും നാട്ടുകാർക്കൊപ്പം അതീവജാഗ്രതയോടെ ഒരുമിച്ചുപ്രവർത്തിച്ചു.
.
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ അവലോകന യോഗവും സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉടൻ വയനാട്ടിലെത്തും.
.

Share
error: Content is protected !!