‘അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തന്നെ കൊടുക്കണം’; വയനാട്ടിലേക്ക് തിരിച്ച് സജിനും ഭാവനയും
“ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, എങ്കിലും വയനാട്ടില്‍വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങള്‍ക്കും ഉണ്ട് കുഞ്ഞുമക്കള്‍”, വയനാട്ടിലേക്കുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു സഹായസന്നദ്ധത സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിത്തീര്‍ന്നിരിക്കുകയാണ്. ഇടുക്കി ഉപ്പുതറ സ്വദേശിയായ സജിന്‍ പാറേക്കരയാണ് ഏറ്റവും പവിത്രവും മഹത്തരവുമായ സഹായ സന്നദ്ധത അറിയിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഈ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടുമണിയോടെ കുടുംബസമേതം വയനാട്ടിലേക്ക് യാത്രതിരിച്ചിരിക്കുകയാണ് സജിന്‍.
.
മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയാണ് സജിന്റെ കുറിപ്പ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. ഇടുക്കി ഉപ്പുതറ സ്വദേശിയാണ് സജിന്‍. “ഇളയ മകന്‍ എല്‍ജിന്‍ ജനിച്ചിട്ട് നാലുമാസമാകുന്നതേയുള്ളൂ. പാല്‍ കിട്ടാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ അവന്‍ കിടന്ന് കരയുന്നതുകണ്ടാല്‍ത്തന്നെ വിഷമമാകും. കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നത് പറയാനാകില്ലല്ലോ, അവര്‍ക്ക് വിശപ്പ് കരച്ചിലൂടെയല്ലേ കാണിക്കാനാകൂ. അവിടെയുള്ള കുഞ്ഞുമക്കളുടെ സ്ഥിതിയും അതുതന്നെയാകില്ലേ. അതോര്‍ത്തപ്പോള്‍ മറ്റൊന്നിനെ കുറിച്ചും ഓര്‍ത്തില്ല”, ഇത്തരമൊരു സന്നദ്ധതയെ കുറിച്ച് ചോദിച്ചപ്പോള്‍ സജിന്റെ പ്രതികരണമിങ്ങനെ.
.
.
“ഭാര്യ ഭാവനയോട് ഇക്കാര്യം സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. വാട്‌സാപ്പ് ഗ്രൂപ്പിലിട്ട ഈ കുറിപ്പ് എങ്ങനെയോ പ്രചരിച്ചു. ഇന്നലെ രാത്രി ഫോണ്‍കോളുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ നാട്ടില്‍നിന്ന് പുറപ്പെട്ടു. മക്കളേയും കൂട്ടിയുള്ള യാത്ര കുറച്ച് പ്രയാസമാണ്. എങ്കിലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. പണംനല്‍കി സഹായിക്കാനുള്ളത്ര സമ്പത്തൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് കരുതി”, സജിന്‍ കൂട്ടിച്ചേര്‍ത്തു. ഈ കുറിപ്പിനെ കുറിച്ച് അന്വേഷിക്കാനായി വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വിളിച്ചപ്പോള്‍ എടപ്പാളിലെത്തിയിരുന്നു സജിനും കുടുംബവും.
.
ഡ്രൈവറാണ് സജിന്‍, ഭാര്യ ഭാവന വീട്ടമ്മയും. ചെറിയതോതിലുള്ള രാഷ്ട്രീയപ്രവര്‍ത്തനവും സജിന്റെ ഭാഗത്തുനിന്നുണ്ട്. എല്‍ജിനെ കൂടാതെ ഇവാഞ്ജലീന എന്ന മകള്‍ കൂടിയുണ്ട് ഈ ദമ്പതിമാര്‍ക്ക്. തങ്ങളുടെ ഈ പ്രവൃത്തി മറ്റുള്ളവര്‍ക്കുകൂടി പ്രചോദനമാകുമെങ്കില്‍ നന്ന് എന്ന പ്രത്യാശ കൂടി സജിന്‍ പങ്കുവെച്ചു. രണ്ടുമൂന്ന് പേര്‍ കൂടി ഇത്തരമൊരു സന്നദ്ധത അറിയിച്ചെത്തിയതായും അതില്‍ വളരെയേറ സന്തോഷിക്കുന്നതായും സജിന്‍ സൂചിപ്പിച്ചു. ഇങ്ങനെയൊരു സന്നദ്ധതയുമായി മുന്നോട്ടുവരുമ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളുമായി ചിലരെത്തുന്നത് മനോവിഷമമുണ്ടാക്കുമെന്നും എങ്കിലും അത്തരം കമന്‍റുകള്‍ അവഗണിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.