കാര്യവട്ടം ക്യാംപസില്‍നിന്നു കണ്ടെത്തിയത് പുരുഷൻ്റെ അസ്ഥികൂടം; വാട്ടർ ടാങ്കിൽ തൊപ്പി, കണ്ണട, ടൈ…

തിരുവനന്തപുരം∙ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടമെന്ന് സ്ഥിരീകരണം. വാട്ടര്‍ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. തൂങ്ങിമരണം നടന്നതിനു തെളിവായി വാട്ടര്‍ ടാങ്കിനുള്ളിൽനിന്നു പൊലീസ് കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികള്‍ നിലത്തു വീണതാണെന്നു പൊലീസ് പറയുന്നു. അസ്ഥികൂടത്തിനു സമീപം ബാഗും ഒരു ഷര്‍ട്ടുമുണ്ട്.

 

ഫൊറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണു കാര്യവട്ടം ക്യാംപസിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോടു ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പതിനഞ്ച് അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും അങ്ങോട്ടു പോകാറില്ല. മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാതെ ഫയര്‍ഫോഴ്‌സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നിലവില്‍ പരിശോധന നടക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!