ഗ്യാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചു; അൽ നസർ സൂപ്പർ താരം ക്രിസ്റ്റ്യാനോക്ക് വിലക്കും പിഴയും
സൗദിയിലെ അൽ നസ്റിന്റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സരത്തിന് വിലക്കേർപ്പെടുത്തി. സൗദി പ്രോ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് താരത്തിന് വിലക്ക്. വ്യാഴാഴ്ച അൽ നസ്റിന്റെ മൈതാനത്ത് അൽ ഹസ്മിനെതിരെ നടക്കുന്ന മത്സരത്തിലാണ് വിലക്ക്. കൂടാതെ, 30,000 സൗദി റിയാൽ പിഴയും ചുമത്തി. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന്റെ (എസ്.എ.എഫ്.എഫ്) ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി വലിക്കേർപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്ത കാര്യം സൗദി ഫുഡ്ബാൾ ഫെഡറേഷൻ അറിയിച്ചത്. ക്രിസ്റ്റ്യാനോക്ക് അപ്പീൽ നൽകാനുള്ള അവസരം ഇല്ലെന്നും സമിതി വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയാണ് വിലക്കിലേക്ക് നയിച്ച സംഭവം അരങ്ങേറിയത്. അൽ ഷബാബിനെതിരെ നടന്ന് മത്സരത്തിൻ്റെ വിജയാഹ്ലാദത്തിനിടെ ഗാലറിയിലേക്ക് നോക്കി ക്രിസ്റ്റ്യാനോ അശ്ലീല ആംഗ്യം കാണിച്ചതാണ് വിലക്കിലേക്ക് നയിച്ചത്.
അൽ ഷബാബിന്റെ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ നസ്ർ ജയിച്ചിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയപ്പോൾ ബ്രസിലീയൻ താരം ടലിസ്ക ഇരട്ടഗോളുകളും നേടി. മത്സരത്തിന്റെ തുടക്കത്തിൽതന്നെ മെസ്സി, മെസ്സി വിളികളുമായി ഷബാബ് ആരാധകർ ക്രിസ്റ്റ്യനോയെ പ്രകോപിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് മത്സര ശേഷം ആരാധകരെ നോക്കി താരം കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചത്.
പിഴ തുകയിൽ 20,000 റിയാൽ അൽ ഷബാബ് ക്ലബിനും ബാക്കി അച്ചടക്ക സമിതിക്കും നൽകണമെന്നാണ് നിർദേശം. പ്രൊ ലീഗ് സീസണിൽ 22 ഗോളുകളുമായി ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ.
39 കാരനായ റൊണാൾഡോ നേരത്തെയും സമാനമായ വിമർശനങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രക്കിടെ ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിലും ആംഗ്യം കാണിച്ചിരുന്നു. കൂടാതെ റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നസ്ർ പരാജയപ്പെട്ടപ്പോഴും സമാന സ്വഭാവത്തിൽ ക്രിസ്റ്റ്യാനോ പ്രതികരിച്ചിരുന്നു. അന്ന് മത്സരം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റാൻഡിൽനിന്ന് എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് എടുത്ത് അത് തന്റെ ഷോർട്ട്സിൽ ഇട്ടു വലിച്ചെറിയുകയായിരുന്നു താരം ചെയ്തത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക